രാജ്‌ക്കോട്ട്: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെ സമയം ഇതുവരേയും തെളിഞ്ഞിട്ടില്ലെങ്കിലും ഒരു താരം എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. മലയാളിയായ ബേസില്‍ തമ്പി. ബേസിലില്‍ ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ ഭാവി കാണുന്നുണ്ടെന്നാണ് വെസ്റ്റ് ഇന്‍ഡീസ് താരമായ ഡ്വെയ്ന്‍ ബ്രാവോ പറയുന്നത്.
പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്രാവോ ബേസിലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്. ” ബേസില്‍ ഒരുപാട് കഴിവുള്ള താരമാണ്. ഒരിക്കല്‍ അവന്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കും, എനിക്കുറപ്പാണ്. കഴിവിനു പുറമെ പേസും ആത്മാര്‍ത്ഥതയും അവന്റെ മുതല്‍ക്കൂട്ടാണ്. എപ്പോഴും പഠിക്കാന്‍ തയ്യാറാണ്”. ബ്രാവോ പറയുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് എതിരേയും തീപാറും യോര്‍ക്കറുകളുമായി ബേസില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഗുജറാത്ത് നിരയില്‍ പൊരുതിയത് ബേസില്‍ മാത്രമായിരുന്നു. നാല് ഓവറില്‍ 31 റണ്‍സു മാത്രമേ ബേസില്‍ വഴങ്ങിയിരുന്നുള്ളൂ. യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയിലിന്റെ വിക്കറ്റും ബേസിലിനായിരുന്നു.
“അവന്‍ പഠിക്കാന്‍ തയ്യാറാണ്. ചോദ്യങ്ങളെല്ലാം കൃത്യമാണ്. ഉമേഷിനെ പോലെ 140 ന് മുകളില്‍ വേഗതയില്‍ പന്തെറിയുന്ന ബേസിലിനെ പോലുള്ള താരങ്ങളെ കാണുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ യഥാര്‍ത്ഥ പാതയിലാണെന്നു പറയാന്‍ സാധിക്കും. ബേസിലിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.” ബ്രാവോ പറയുന്നു.
ബേസിലിന്റെ വളര്‍ച്ചയെ സൂക്ഷ്മമായി വീക്ഷിക്കാറുണ്ടെന്നും തനിക്കറിയാവുന്ന പാഠങ്ങളൊക്കെ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നും ബ്രാവോ പറഞ്ഞു. കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കണം. അനുഭവങ്ങളും അവസരങ്ങളുമാണ് അവനു നല്‍കേണ്ടതെന്നും ബ്രാവോ പറയുന്നു.
അതേസമയം പരിക്കു ഭേദമായി ഉടനെ തന്നെ ടീമിലേക്ക് മടങ്ങിയെത്താന്‍ തനിക്ക് സാധിക്കുമെന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചു.