ബംഗളൂരു: ഐ.പി.എല്‍ ലേലത്തില്‍ മലയാളി താരങ്ങള്‍ക്ക് നല്ല സമയം. സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് എട്ടു കോടിയ്ക്ക് സ്വന്തമാക്കിയപ്പോള്‍ കരുണ്‍ നായരെ 5.6 കോടിയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. മറ്റൊരു മലയാളി താരവും പോയ സീസണിലെ എമേര്‍ജിംഗ് പ്ലെയറുമായ ബേസില്‍ തമ്പിയെ സ്വന്തമാക്കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്.
30 ലക്ഷം രൂപഅടിസ്ഥാന വിലയുണ്ടിയാരുന്ന ബേസിലിനെ 95 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ലേലത്തില്‍ പൊന്നുംവില ലഭിച്ചത് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിനാണ്. പന്ത്രണ്ടരക്കോടിക്കാണ് സ്റ്റോക്സിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
കിംഗ്സ് ഇലവന്‍ പഞ്ചാബ് ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ സ്വന്തമാക്കിയത് 11 കോടിക്കാണ്. ആര്‍. അശ്വിനെ ഏഴ് കോടി അറുപത് ലക്ഷത്തിനും ഓസീസ് താരം ആരോണ്‍ ഫിഞ്ചിനെ ആറ് കോടി 20 ലക്ഷത്തിനും കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തിച്ചു. ഡേവിഡ് മില്ലറെ മൂന്ന് കോടിക്കും യുവരാജ് സിംഗിനെ രണ്ട് കോടിക്കും പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്.
അതേസമയം, 11 കോടി നല്‍കി മനീഷ് പാണ്ഡെയെയും അഞ്ച് കോടി ഇരുപത് ലക്ഷത്തിന് ശിഖര്‍ ധവാനെയും മൂന്ന് കോടിക്ക് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണേയും സണ്‍റൈസേഴ്സ് ഹൈദരാബാദ് ലേലത്തില്‍ പിടിച്ചു. വിന്‍ഡീസ് താരം പൊള്ളാര്‍ഡ് അഞ്ച് കോടി നാല്പത് ലക്ഷത്തിന് മുംബയ് ഇന്ത്യന്‍സില്‍ തുടരും. അജിങ്ക്യ റഹാനെയെ രാജസ്ഥാന്‍ റോയല്‍സ് നാല് കോടിക്ക് തിരികെ എത്തിച്ചു.
ഓസീസ് താരങ്ങളായ ക്രിസ് ലിനിനെ ഒന്‍പത് കോടി 60 ലക്ഷത്തിനും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒന്‍പത് കോടി നാല്പത് ലക്ഷത്തിന് കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്സും ടീമിലെത്തിച്ചു. കേദാര്‍ ജാദവിനെ ഏഴ് കോടി 80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ചെന്നൈ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് ആറ് കോടി 40 ലക്ഷം നല്‍കി ടീമിലെത്തിച്ചു.