| Thursday, 7th December 2017, 4:57 pm

'എനിക്ക് വിശ്വാസം നഷ്ടമായിരുന്നു, കളി മതിയാക്കി ദുബായില്‍ ജോലിയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു'; മനസു തുറന്ന് അഭിമാന താരം ബേസില്‍ തമ്പി

എഡിറ്റര്‍

കൊച്ചി:” എനിക്ക് എന്റെ കഴിവിനെ കുറിച്ച് വിശ്വാസം നഷ്ടമായിരുന്നു. ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.” പറയുന്നത് കേരളത്തിന്റെ അഭിമാനമായി ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം നേടിയിരിക്കുന്ന ബേസില്‍ തമ്പിയെന്ന പേസറാണ്. കേരളത്തില്‍ നിന്നും ഇ്ന്ത്യന്‍ ജേഴ്‌സിയണിയുന്ന നാലാമത്തെ താരമാണ് ബേസില്‍.

കഴിഞ്ഞ ഐ.പി.എല്‍ മുതലാണ് ബേസില്‍ സെലക്ടര്‍മാരുടേയും ഇന്ത്യയുടയും ശ്രദ്ധ നേടുന്നത്. പിന്നീടിങ്ങോട്ട് താരത്തിന്റെ പ്രകടനങ്ങളെല്ലാം മികവുറ്റതായിരുന്നു. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലേക്ക് കേരളാ ടീം കടന്നപ്പോള്‍ അതിന്റെ ക്രെഡിറ്റ് ബേസിലിന് കൂടി അവകാശപ്പെട്ടതാണ്. അതിനൊക്കെയുള്ള പ്രതിഫലമാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ലേക്കുള്ള ടീമിലുള്ള സെലക്ഷന്‍.

“ഐ.പി.എല്ലിലെ പ്രകടനത്തോടെ സമയത്തിന്റെ പ്രശ്‌നമാണെന്ന് എനിക്ക് മനസിലായിരുന്നു. ഈ സമയത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യന്‍ ജേഴ്‌സിയണിയുക എന്നത് ഓരോ ക്രിക്കറ്ററുടേയും ആഗ്രഹമാണ്. എനിക്ക് ഈ അവസരം നല്‍കിയ ദൈവത്തിന് നന്ദി. ശരിയ്ക്കും സര്‍പ്രസായി പോയി.” ബേസില്‍ പറയുന്നു.

16ാം വയസിലാണ് യഥാര്‍ത്ഥ ക്രിക്കറ്റ് പന്തുപയോഗിച്ചു കളിക്കുന്നതെങ്കിലും അതിനിടയ്ക്കു തന്നെ ക്രിക്കറ്റിന്റെ ബാല പാഠങ്ങള്‍ ബേസില്‍ നേടിയിരുന്നു.” ടെന്നീസ് ബൗള്‍ മത്സരങ്ങളിലൂടെയാണ് ഞാന്‍ കളി ആരംഭിക്കുന്നത്. പിന്നീട് അണ്ടര്‍ 17 കളിച്ചു തുടങ്ങി. അണ്ടര്‍ 19 കളിക്കാന്‍ തുടങ്ങിയതോടെയാണ് ക്രിക്കറ്റിനെ സീരിയസായി കാണാന്‍ തുടങ്ങിയത്.” താരം പറയുന്നു.


Also Read:  ‘എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി’; കരിയര്‍ കഴിഞ്ഞാലും കൊച്ചിയിലെ ഗോളാരവം മറക്കില്ലെന്ന് സിഫ്‌നിയോസ്


ഇപ്പോള്‍ രഞ്ജി മത്സരത്തിന് തയ്യാറെടുക്കുകയാണ് ബേസില്‍. വ്യക്തിഗത പ്രകടനമല്ല ടീം ഗെയിമാണ് കേരളത്തിന് പ്രധാന്യമെന്നും തങ്ങള്‍ കാത്തിരുന്ന സുവര്‍ണ്ണാവസരമാണിതെന്നും ബേസില്‍ പറയുന്നു.

തന്റെ നേട്ടത്തിന് ബേസില്‍ നന്ദി പറയുന്നത് ഓസീസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിനോടാണ്. സ്പീഡാണ് തന്റെ പ്രത്യേകതയെന്ന് മഗ്രാത്ത് പറഞ്ഞിട്ടുണ്ടെന്നും ബേസില്‍ പറയുന്നു. അതേസമയം, ഐ.പി.എല്ലിലെ പ്രകടനവും അനുഭവവുമാണ് തന്നെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നും ബേസില്‍ പറയുന്നു.

ഗുജറാത്ത് ലയണ്‍സും നായകന്‍ സുരേഷ് റെയ്‌നയും തന്ന പിന്തുണ മറക്കാന്‍ കഴിയില്ലെന്നും താരം പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more