| Saturday, 12th November 2022, 9:47 pm

ലിറിക്‌സ് എവിടെ... എന്താ ഇവിടെ രണ്ട് എന്ന് എഴുതിയേക്കുന്നേ; 'ഇങ്ങാട്ട് നോക്കണ്ട' റെക്കൊഡിങ്ങിനിടയില്‍ രാജേഷ് കയറി ബേസില്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ ജയ ജയ ജയ ഹേയിലെ ഏറെ ശ്രദ്ധ നേടിയ ഗാനമാണ് ‘ഇങ്ങാട്ട് നോക്കണ്ട കണ്ണുകളേ’. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ രാജേഷും ജയയും ഏറെ നിരാശ നിറഞ്ഞ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ പാട്ട് കടന്നുവരുന്നത്.

തങ്ങളുടെ കഥാപാത്രങ്ങളുടെ വേദന പങ്കുവെക്കുന്ന പാട്ട് പാടിയിരിക്കുന്നത് ദര്‍ശനയും ബേസിലും തന്നെയാണ്. ബാവ്‌രാ മന്‍ പാടി നേരത്തെ തന്നെ സംഗീതത്തില്‍ കഴിവ് തെളിയിച്ച ദര്‍ശനയേക്കാള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് ബേസില്‍ പാടിയ ഭാഗമായിരുന്നു.

ഏറെ ഇമോഷണലായി സ്ലോ മോഡില്‍ പോകുന്ന പാട്ടിനെ മനോഹരമായിട്ടായിരുന്നു ബേസില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ പലര്‍ക്കും ആദ്യ കേള്‍വിയില്‍ ബേസിലിന്റെ ശബ്ദം തിരിച്ചറിയാനായിരുന്നില്ല.

എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും പ്രത്യക്ഷപ്പെടാറുള്ള ബേസില്‍ കുറച്ചൊന്ന് ട്രാക്ക് മാറ്റിപ്പിടിച്ച ജയ ഹേയില്‍ പാട്ടിലും അതേ വ്യത്യസ്തത കൊണ്ടുവരാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

പാട്ട് റെക്കോഡ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍ ഇപ്പോള്‍. പാട്ട് സങ്കടമുള്ളതൊക്കെയാണെങ്കിലും സ്റ്റുഡിയോയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന കലാപരിപാടികളാണ് താരം നടത്തുന്നത്.

ലിറിക്‌സ് എവിടെ, രണ്ട് എന്ന് എഴുതിയിരിക്കുന്നത് എന്തിനാ, ഞാനേതാ രണ്ട് തവണ പാടേണ്ടത് എന്നിങ്ങനെ ഓരോ വരി പാടി കഴിയുമ്പോഴും പല ചോദ്യങ്ങളാണ് ബേസില്‍ ചോദിക്കുന്നത്. പാട്ടുകാര്‍ മര്യാദക്ക് ഹോം വര്‍ക്ക് ചെയ്ത് വരികളൊക്കെ പഠിച്ചു വരണമെന്നാണ് ദര്‍ശന ഇതിന് മറുപടി കൊടുക്കുന്നത്.

ഇതിനിടയില്‍ അല്ലറ ചില്ലറ ചുവടുകളും ബേസില്‍ വെക്കുന്നുണ്ട്. എല്ലാം കൂടിയാകുമ്പോള്‍ ദര്‍ശനയും
സിനിമയുടെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടച്ചിരിയിലാകുന്നുണ്ട്. വീഡിയോ കണ്ടവരും പൊട്ടിച്ചിരിക്കുകയാണെന്ന് കമന്റുകളില്‍ നിന്ന് മനസിലാകും.

അതേസമയം പുതിയ റിലീസുകള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയാണ് വിപിന്‍ ദാസിന്റെ ജയ ജയ ജയ ജയ ഹേ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

Content Highlight: Basil’s funny song recording video from Jaya Jaya Jaya Jaya Hey

We use cookies to give you the best possible experience. Learn more