കൊച്ചി: ബേസില്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിന്നല്‍ മുരളി സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. സിനിമയിലെ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെ അവതരിപ്പിച്ച ഹെന്റി കാവിലിനെ ഓര്‍മ്മ വന്നെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണമെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ടൊവിനോയുടെ മുഖത്തെ ആ നിഷ്‌കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ലെന്നും ഭദ്രന്‍ പറഞ്ഞു.
ടോക്‌സിക്ക് വില്ലനായിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകര എത്തിച്ചെന്നും ഭദ്രന്‍ പറഞ്ഞു.
സ്‌ക്രിപ്റ്റില്‍ കുറേകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഇടിവെട്ട് ആയേനെയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 24 നാണ് ചിത്രം നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ‘മിന്നല്‍ മുരളി’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിമിനെയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു.
ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30തിന് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലാണ് മിന്നല്‍ മുരളി സ്ട്രീം ചെയ്തത്. ടൊവിനോക്കും അജു വര്‍ഗീസിനുമൊപ്പം, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
മിന്നല്‍ മുരളിയിലെ ജെയ്‌സന് സൂപ്പര്‍മാനിലെ ഹെന്റി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടൊവിനോയുടെ മുഖത്തെ ആ നിഷ്‌കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല.
മിന്നല്‍ മുരളി വരുമ്പോള്‍ എന്റെ മടിയില്‍ ഇരുന്ന കൊച്ച് മകളുടെ കണ്ണ് ഞാന്‍ പൊത്തും.കൈ തട്ടി മാറ്റി കൊണ്ട് ‘ അപ്പച്ചായീ ഡോണ്ട് ഡിസ്റ്റര്‍ബ്……ഐ വാണ്ട് ടു സീ ദി സൂപ്പര്‍മാന്‍….’ പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു… ‘ യു ലൈക്ക് ദിസ് സൂപ്പര്‍ഹീറോ ? ‘ അവള്‍ പറഞ്ഞു ‘ഹി ഈസ് സൂപ്പര്‍’. അവിടെ ആണ് ഒരു താരം വിജയിച്ചത്.
ടൊവിനോ തോമസ്, കീപ്പ് ഇറ്റ് അപ്പ്…. ടോക്‌സിക്ക് വില്ലനായിട്ടുള്ള ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകര എത്തിച്ചു… മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം അതും കുറഞ്ഞ ബജറ്റില്‍, ബേസിലിന് എന്റെ അഭിനന്ദനങ്ങള്‍. സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഇടിവെട്ട് ആയേനെ.