സംവിധായകനായി മാത്രമല്ല, വേണമെങ്കില്‍ നായകനായും സിനിമ വിജയിപ്പിക്കും; ജോജിയില്‍ തിരിഞ്ഞ് പാല്‍തു ജാന്‍വറിലെത്തുന്ന ബേസില്‍ ജോസഫ്
Film News
സംവിധായകനായി മാത്രമല്ല, വേണമെങ്കില്‍ നായകനായും സിനിമ വിജയിപ്പിക്കും; ജോജിയില്‍ തിരിഞ്ഞ് പാല്‍തു ജാന്‍വറിലെത്തുന്ന ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th September 2022, 11:05 pm

ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ രണ്ടിനാണ് തിയേറ്ററുകളില്‍ എത്തിയത്. വളര്‍ത്തുമൃഗങ്ങളും മനുഷ്യരുമെല്ലാം ചേര്‍ന്നുപോകുന്ന സിനിമക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ബേസില്‍ ആദ്യമായി നായകനാവുന്ന ചിത്രമെന്ന് കൂടി വേണമെങ്കില്‍ പാല്‍തു ജാന്‍വറിനെ പറയാം. മുമ്പ് ജാന്‍ എ മന്‍ എന്ന ചിത്രത്തില്‍ നായകനായിരുന്നുവെങ്കിലും തുല്യപ്രാധാന്യത്തോടെ അര്‍ജുന്‍ അശോകനും ബാലു വര്‍ഗീസും ഗണപതിയുമൊക്കെയുണ്ടായിരുന്നു.

പാല്‍തു ജാന്‍വറിലേക്ക് വരുമ്പോള്‍ പൂര്‍ണമായും സിനിമയെ തോളിലേറ്റുന്ന നായകന്‍ എന്ന ഉത്തരവാദിത്തത്തിലേക്കാണ് ബേസില്‍ വരുന്നത്. അതില്‍ താരം പൂര്‍ണമായും വിജയിച്ചു എന്ന് തന്നെ പറയാം. നടന്‍ എന്ന നിലയില്‍ ഇമ്പ്രൂവായ ബേസിലിനെയാണ് പാല്‍തു ജാന്‍വറില്‍ കാണുന്നത്.

പഠനം കഴിഞ്ഞ് പാഷന് പുറകെ പോയി കടം കയറി ഇഷ്ടമില്ലാത്ത ജോലി ചെയ്ത് ജീവിക്കേണ്ടിവരുന്ന ഒരുപറ്റം യുവാക്കളുടെ പ്രതിനിധിയാണ് ബേസില്‍. അത് ചെയ്യുമ്പോഴുണ്ടാകുന്ന അമര്‍ഷവും പറ്റുന്ന അബദ്ധങ്ങളും പിന്നീട് ഉണ്ടാകുന്ന പരിഭ്രമവും ഭയവുമെല്ലാം ബേസില്‍ നന്നായി തന്നെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. സാധരണ ബേസില്‍ ചെയ്യുന്ന തമാശ കഥാപാത്രമല്ല പാല്‍തു ജാന്റിലേത്. ദേഷ്യവും നിരാശയും സങ്കടവുമെല്ലാം നന്നായി തന്നെ പ്രകടിപ്പിക്കുന്ന പല ലെയറുകളുള്ള കഥാപാത്രമാണ്.

ചെറിയ കഥാപാത്രങ്ങളും തമാശ റോളുകളും ചെയ്തുകൊണ്ടിരുന്ന ബേസിലിന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ലഭിക്കുന്നത് ജോജിയിലൂടെയാണ്. ജോജിയിലെ പുരോഹിതനായി വന്ന ബേസില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് വന്ന ജാന്‍ എ മനിലെ ജോയ് മോനും ഡിയര്‍ ഫ്രണ്ടിലെ സജിത്തും പല ലെയറുകളുള്ള ആഴത്തിലുള്ള കഥാപാത്രങ്ങളായിരുന്നു. പാല്‍തു ജാന്‍ലറിലൂടെ താനൊരു മികച്ച സംവിധായകന്‍ മാത്രമല്ല, ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള മികച്ച നടന്‍ കൂടിയാണ് എന്ന് ഊട്ടിയുറപ്പിക്കുകയാണ് ബേസില്‍.

മലയാളത്തില്‍ സംവിധായകനെന്ന് നിലയില്‍ പേരെടുത്തതിന് ശേഷം നായകനായി കൂടി വന്ന് ഒരു സിനിമ വിജയിപ്പിക്കുന്ന മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. പൃഥ്വിരാജിന്റെ ഒക്കെ പേരെടുത്തു പറയാമെങ്കിലും അദ്ദേഹം നടനായി ചുവടുറപ്പിച്ചതിന് ശേഷമാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്.

Content Highlight: Basil joseph, who grew up as an actor, is seen in the film palthu janwer