| Tuesday, 8th April 2025, 8:18 am

‌അത്രയും പ്രിയപ്പെട്ട 'ടിനോവ' ആണ് ഈ സിനിമയുടെ പ്രൊഡ്യൂസർ; ടൊവിനോയെ ട്രോളി ബേസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് മരണമാസ്. വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന സിജു സണ്ണി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിലെ സിവിക് സെൻസ് എന്ന പ്രൊമോ വീഡിയോയും ഫ്ലിപ്പ് സോങ്ങും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. ബേസിൽ, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോൾ ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്.

പ്രിയപ്പെട്ട ടിനോവയാണ് ഈ സിനിമയുടെ പ്രൊഡ്യൂസറെന്ന് ടൊവിനോയെ കളിയാക്കി ബേസിൽ ജോസഫ് പറയുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷൻസിലുള്ള സിനിമയാണ് മരണമാസെന്നും സിനിമയിലേക്ക് തന്നെ ആദ്യം സജസ്റ്റ് ചെയ്തത് ടൊവിനോയാണെന്നും ബേസിൽ പറഞ്ഞു.

സിനിമയുടെ സംവിധായകൻ മിന്നൽ മുരളിയിൽ സഹസംവിധായകനായി വർക്ക് ചെയ്ത വ്യക്തിയാണെന്നും ഒരുമിച്ച് വർക്ക് ചെയ്ത എല്ലാവരും കൂടിയുള്ള സിനിമയാണ് മരണമാസെന്നും ബേസിൽ പറയുന്നു. വർഷങ്ങളായി നാടകത്തിൽ അഭിനയിച്ചിരുന്ന പൗലോസ് സിനിമയിൽ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണിതെന്നും ബേസിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ സിനിമാമോഹം പൂവണിയുന്ന സിനിമയാണിതെന്നും ബേസിൽ കൂട്ടിച്ചേർത്തു.

മരണമാസിൻ്റെ പ്രമോഷനിൽ സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

‘അത്രയും പ്രിയപ്പെട്ട നമ്മുടെയൊക്കെ ‘ടിനോവ’ യാണ് ഈ സിനിമയുടെ പ്രൊഡ്യൂസർ. ടൊവിനോ തോമസ് പ്രൊഡക്ഷൻസിലുള്ള സിനിമയാണ്. ടൊവിയാണ് ആദ്യം എന്നെ സജസ്റ്റ് ചെയ്തത്. പിന്നെ ഇതിൻ്റെ ഡയറക്ടർ ശിവപ്രസാദ് മിന്നൽ മുരളി എന്ന സിനിമയിൽ സഹസംവിധായകനായി വർക്ക് ചെയ്തിട്ടുള്ളയാളാണ്. ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ള എല്ലാവരും കൂടിയുള്ള സിനിമയാണിത്.

കുറച്ച് ലൗഡ് ആയിട്ടുള്ള സിനിമയാണ്. സിജു സണ്ണിയാണ് ഇതിൻ്റെ കഥ എഴുതിയിരിക്കുന്നത്. പൗലോസേട്ടൻ കുറേ വർഷമായി നാടകത്തിൽ അഭിനയിച്ചിരുന്ന ഒരാളാണ്. അദ്ദേഹം ഈ സിനിമയിൽ മുഴുനീള കഥാപാത്രമാണ്. വൈകിയാണെങ്കിലും അദ്ദേഹത്തിൻ്റെ സിനിമാമോഹം പൂവണിയുന്ന സിനിമ കൂടിയാണ് മരണമാസ്,’ ബേസിൽ പറയുന്നു.

നേരത്തേ എമ്പുരാൻ്റെ പ്രമോഷൻ്റെ സമയത്ത് ഗോകുലം ഗോപാലൻ ടൊവിനോയുടെ പേര് തെറ്റിച്ച് ‘ടിനോവ’ എന്ന് വിളിച്ചിരുന്നു. ഇത് ഒരുപാട് ട്രോളുകൾക്ക് വഴിവെച്ചിരുന്നു.

Content Highlight: Basil Joseph Trolled Tovino Thomas in Maranamass promotion

 
We use cookies to give you the best possible experience. Learn more