തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളില്‍ നല്‍കിയ ആത്മിശ്വാസത്തിനും പിന്തുണയ്ക്കും ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്. പുതിയ ചിത്രം മിന്നല്‍ മുരളിയുയെ ഫൈനല്‍ മിക്‌സിംഗിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലാണ് ബേസില്‍ നന്ദി പറയുന്നത്.
‘ഏറ്റവും പ്രിയപ്പെട്ട സമീര്‍ താഹിര്‍ ഇക്കയ്ക്ക് ഒരുപാട് നന്ദി. വാക്കുകളെ അതിശയകരമാം വിധം ഫ്രെയിമിലേക്ക് പകര്‍ത്തിയതിനും അതിലുപരിയായി ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയത്ത് തന്ന പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദി. എക്കാലവും ഞാനിത് ഓര്‍മിക്കും,’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മിന്നല്‍ മുരളിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും ചിത്രം നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയെന്നും ബേസില്‍ ജോസഫ് സമൂഹമാധ്യമങ്ങളില്‍ പറഞ്ഞു.
‘ഇന്നലെ മുന്നൂ വര്‍ഷം നീണ്ട മിന്നല്‍ മുരളിയുമായുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചു. ഞങ്ങളുടെ പ്രിയപ്പെട്ടവനെ ഞങ്ങള്‍ നെറ്റ്ഫ്ളിക്സിന് കൈമാറി. ഇത്രയും നീണ്ട കാലം ഒരു സിനിമയ്ക്കായി ചെലവഴിച്ചത് കൊണ്ടുതന്നെ ഇത് കേവലം ഒരു സാധാരണ സിനിമയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും,’ ബേസില്‍ പറയുന്നു.
കൊവിഡ് പ്രതിസന്ധികള്‍ ഷൂട്ടിംഗ് ദുര്‍ഘടമാക്കിയെന്നും ഒട്ടേറെ പ്രശ്‌നങ്ങള്‍ തരണം ചെയ്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും ബേസില്‍ പറയുന്നു. ടീമിലെ എല്ലാവരും മികച്ച സപ്പോര്‍ട്ടാണ് തന്നതെന്നും അവരുടെ കൂട്ടായ്മ കാരണമാണ് സിനിമ പൂര്‍ത്തിയാക്കാനായതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രയും പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ റിസ്‌ക് ഏറ്റെടുത്ത സിനിമയുടെ നിര്‍മാതാവായ സോഫിയ പോളിന് ബേസില്‍ പ്രത്യേക നന്ദി അറിയിച്ചു.
ഈ ചിത്രത്തിന്റെ പ്രധാന ഘടകം മിന്നല്‍ മുരളി തന്നെയാണെന്നും ആ കഥാപാത്രത്തെ എല്ലാ രീതിയിലും മികച്ചതാക്കിയ ടൊവിനോ തോമസിനും ബേസില്‍ നന്ദി പറഞ്ഞു.
ടൊവിനോയല്ലാതെ മിന്നല്‍ മുരളിയെ അവതരിപ്പിക്കുവാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നും സംവിധായകന്‍-നായകന്‍ എന്നതിലുപരി തങ്ങള്‍ സഹോദരങ്ങളെ പോലെയാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ബേസില്‍ തന്റെ പോസ്റ്റില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ചിത്രം നെറ്റ്ഫ്‌ളിക്‌സിലാകും റിലീസ് ചെയ്യുന്നത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ടീസറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രമെത്തുന്നത്. എന്നാല്‍ മലയാളത്തില്‍ നേരത്തെയും സൂപ്പര്‍ഹീറോ ചിത്രങ്ങളിറങ്ങിയിട്ടുണ്ടെന്നും ഇതൊരു നല്ല സൂപ്പര്‍ഹീറോ ചിത്രമാകുമെന്ന് മാത്രമേ പറയുന്നുള്ളുവെന്നാണ് ടൊവിനോയും ബേസിലുമെല്ലാം പറയുന്നത്.
സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രമെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.