|

വയനാടിന്റെ അവസ്ഥ ഏറെ പിടിച്ചുലക്കുന്നത്; കൂടെയുള്ള ആരൊക്കെയോ പോയത് പോലെ: ബേസില്‍ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സംഭവം അറിഞ്ഞത് മുതല്‍ തനിക്ക് എത്രയും പെട്ടെന്ന് വയനാട്ടിലേക്ക് എത്തണം എന്ന തോന്നലായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപകടത്തില്‍പ്പെട്ടവര്‍ ആരും തന്റെ പരിചയത്തില്‍ ഉള്ളവരോ തനിക്ക് അറിയുന്ന ആളുകളോയല്ലെന്നും എന്നിട്ടും കൂടെയുള്ള ആരൊക്കെയോ പോയത് പോലെയാണ് തോന്നുന്നതെന്നും ബേസില്‍ പറയുന്നു. സംവിധായകനും നടനുമായ ബേസില്‍ ജോസഫ് വയനാടുകാരനാണ്.

ഉരുള്‍പൊട്ടല്‍ വിവരം അറിഞ്ഞത് മുതല്‍ ഒരുപാട് ആളുകള്‍ താന്‍ സേഫാണോ എന്നറിയാന്‍ മെസേജ് അയച്ചിരുന്നുന്നെന്നും തനിക്ക് ധാരാളം കോളുകള്‍ വന്നിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞു. എന്നാല്‍ സേഫ് എന്ന വാക്കിന്റെ അര്‍ത്ഥം പോലും നിര്‍വചിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താനെന്നും താരം കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് രാവിലെയാണ് ഞാന്‍ ബത്തേരി എത്തുന്നത്. സംഭവം അറിഞ്ഞത് മുതല്‍ എത്രയും പെട്ടെന്ന് ഇങ്ങോട്ട് എത്തണം എന്ന തോന്നലായിരുന്നു. ഉരുള്‍പൊട്ടല്‍ നടന്നതിന്റെ പിറ്റേന്ന് മുതല്‍ ഒരുപാട് ആളുകള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. സേഫാണോ എന്ന് പലരും ചോദിക്കുകയുണ്ടായി. ഒരുപാട് ഫോണ്‍ കോളുകള്‍ എനിക്ക് വന്നിട്ടുണ്ട്.

ഞാന്‍ സേഫാണെന്ന് പറഞ്ഞാലും എന്റെ നാടിനെയാണല്ലോ എഫക്ട് ചെയ്തിട്ടുള്ളത്. നമ്മള്‍ സേഫാണെന്ന് പറയുമ്പോളും നാട് ഒട്ടും സേഫല്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെ സേഫ് എന്ന വാക്കിന്റെ അര്‍ത്ഥം പോലും ഡിഫൈന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇവിടെ അപകടത്തില്‍പ്പെട്ടവര്‍ ആരും എനിക്ക് പരിചയത്തില്‍ ഉള്ളവരോ പേഴ്ണലി അറിയുന്ന ആളുകളോയല്ല.

എങ്കില്‍ പോലും നമ്മുടെ കൂടെയുള്ള ആരൊക്കെയോ പോയത് പോലെയാണ് തോന്നുന്നത്. ഈ ദുരന്തത്തിന്റെ വ്യാപ്തി വാര്‍ത്തകളിലൂടെ നമ്മള്‍ കാണുന്നുണ്ട്. അത് നമ്മളെ ഏറെ പിടിച്ചുലക്കുന്നതാണ്. ഈ അടുത്ത് ഇത്ര വലിയ ട്രജഡി ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

ഒരാളെ സംബന്ധിച്ചിടത്തോളം ഇതിലും വലുതൊന്നും ഇനി ഫേസ് ചെയ്യാനുണ്ടാകില്ല. ഒറ്റരാത്രി കൊണ്ട് ഉറങ്ങി കിടക്കുന്ന ഒരുപാട് ജീവനുകള്‍ ഇല്ലാതായി. ദുരന്തത്തിന്റെ കോലാഹലങ്ങള്‍ അടങ്ങി കഴിഞ്ഞാലും അവരോടുള്ള സമീപനങ്ങള്‍ നമ്മള്‍ മാറ്റരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങളൊക്കെ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകണം.

ഇവിടെ പണ്ടുമുതല്‍ക്കേ ഒരാള്‍ക്ക് അസുഖമോ അപകടമോ പറ്റി ആശുപത്രിയില്‍ പോയാല്‍ പലപ്പോഴും സീരിയസാണ് കോഴിക്കോട് കൊണ്ടുപോകണം എന്നാണ് പറയാറുള്ളത്. കാരണം വയനാട് സീരിയസായ രോഗികളെ ചികിത്സിക്കാനുള്ള ഫെസിലിറ്റി കുറവാണ്. വയനാട് ഇന്നും നല്ല ആശുപത്രികള്‍ ഇല്ല എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. പുറത്ത് നിന്നുള്ളവര്‍ ടൂറിസമെന്നോണം കണ്ട് ഇവിടെ മനസ് തണുപ്പിക്കാന്‍ വരുമ്പോള്‍ ഇവിടുത്തുകാര്‍ക്ക് അങ്ങനെയല്ല. കോഴിക്കോട് പോകുന്നതും എളുപ്പമല്ല, ചുരം കടന്നാല്‍ മാത്രമേ പോകാന്‍ സാധിക്കുകയുള്ളു.

എന്തുകൊണ്ട് ഇവിടെ പ്രോപ്പറായ ഒരു ഹോസ്പിറ്റല്‍ സൗകര്യം വയനാട് വരുന്നില്ല എന്നത് ചോദ്യമാണ്. ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണം കൊണ്ടുവരുന്നില്ല. ബദല്‍ പാതയുടെ കാര്യവും അത്തരത്തിലാണ്. അന്നും ഇന്നും വയനാട് നേരിടുന്നത് വലിയ അവഗണന തന്നെയാണ്. വയനാടിനെ പലപ്പോഴും ഒരു റിമോട്ട് ജില്ലയായിട്ടും ടൂറിസ്റ്റ് സ്‌പോട്ടുമായിട്ടാണ് കാണുന്നത്,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph Talks About Wayanad Landslide