മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തന്റെ കഴിവ് കാണിക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മികച്ച സിനിമകളാണ് ഗോദയും മിന്നല്‍ മുരളിയും.
ഇരുസിനിമകളിലും നായകനായത് ടൊവിനോ തോമസാണ്. ഇപ്പോള്‍ തനിക്ക് ടൊവിനോ വളരെ കംഫേര്‍ട്ടബിളായ സ്‌പേസാണ് നല്‍കുന്നതെന്ന് പറയുകയാണ് ബേസില്‍ ജോസഫ്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ സിനിമ ചെയ്യുമ്പോള്‍ ഹ്യൂമര്‍ അതിലൊരു പ്രധാന ഫാക്ടറാണ്. ഏത് സ്‌കെയിലിലുള്ള സിനിമയാണെങ്കിലും അങ്ങനെ തന്നെയാണ്. നായകന് ഹ്യൂമര്‍ ചെയ്യാന്‍ പറ്റുകയെന്ന ഒരു ക്വാളിറ്റി കൂടെ ഉണ്ടാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാസ് ക്യാരി ചെയ്യാന്‍ പറ്റുന്ന ആക്ടറായിട്ട് കാര്യമില്ല.
ആളുകള്‍ക്ക് വളരെ റിലേറ്റബിളായിട്ടുള്ള ഹ്യൂമറ് കൂടെ കൈകാര്യം ചെയ്യാനാകണം. അതും ബോഡി ലാങ്വേജും ഫേഷ്യല്‍ എക്‌സ്പ്രഷനും വെച്ചിട്ടുള്ള ഹ്യൂമര്‍ സട്ടിലായിട്ടും ലൗഡായിട്ടും ചെയ്യാനാകണം. അങ്ങനെയുള്ള ഒരു ആക്ടറാണെങ്കില്‍ എന്റെ സിനിമയിലേക്ക് പ്ലേസ് ചെയ്യാന്‍ എനിക്ക് താത്പര്യമുണ്ടാകും.
സപ്പോര്‍ട്ടിങ് ആക്ടേഴ്‌സ് മാത്രം ഹ്യൂമര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്തിട്ട് കാര്യമില്ല. ലീഡ് റോള്‍ ചെയ്യുന്ന ആള്‍ക്ക് കൂടെ അതിന് സാധിക്കണം. അതാണ് എന്റെ പോയന്റ് ഓഫ് വ്യൂ. അങ്ങനെ നോക്കുമ്പോള്‍ ഒരു ആക്ടറെന്ന നിലയില്‍ എനിക്ക് വളരെ കംഫര്‍ട്ടബിളായ സ്‌പേസാണ് ടൊവിനോ നല്‍കുന്നത്. ഗോദയിലാണെങ്കിലും മിന്നല്‍ മുരളിയിലാണെങ്കിലും അങ്ങനെ തന്നെയാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph Talks About Tovino Thomas