| Saturday, 25th December 2021, 5:55 pm

ഇന്നാണ് ഞാനിത് അജു വര്‍ഗീസിന് അയച്ച് കൊടുക്കുന്നതെങ്കില്‍ പുള്ളി എന്നെ മൈന്‍ഡ് ചെയ്യുക പോലുമില്ല: ബേസില്‍ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൊവിനൊ തൊമസ് നായകനായ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്.

ഇതിനിടെ ബേസിലിന്റെ ഒരു പഴയ ഇന്റര്‍വ്യൂവിലെ ചില ദൃശ്യങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. സിനിമാ സംവിധായകനാകുന്നതിന് മുമ്പ് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത സമയത്തെ അനുഭവമാണ് ബേസില്‍ അഭിമുഖത്തില്‍ പറയുന്നത്.

ഭാര്യ എലിസബത്തിനൊപ്പം ബേസില്‍ പങ്കെടുത്ത ഈ അഭിമുഖത്തില്‍ ‘പ്രിയംവദ കാതരയാണോ’ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത സമയത്തെ വിശേഷങ്ങളാണ് പറയുന്നത്.

ഷോര്‍ട്ട് ഫിലിം അജു വര്‍ഗീസിനും വിനീത് ശ്രീനിവാസനുമടക്കം അയച്ച് കൊടുത്തതിന്റെയും അവരുടെ പ്രതികരണങ്ങളും അഭിമുഖത്തില്‍ പറയുന്നുണ്ട്.

”എല്ലാവര്‍ക്കും അയച്ച് കൊടുത്തിരുന്നു. കൊടുത്തതില്‍ കണ്ടത് ആകെ അജു വര്‍ഗീസ് മാത്രമാണ്. പുള്ളിയാണ് ഫേസ്ബുക്കില്‍ എന്റെ ഒരു മെസേജ് കാണാനിടയായതും കണ്ടിട്ട് എന്റെ നമ്പര്‍ ചോദിച്ച് വിളിച്ചു.

വിളിച്ചിട്ട് കുറെ നേരം സംസാരിച്ചു. പുള്ളിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. അങ്ങനെ പുള്ളി അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

അത് കണ്ടിട്ടാണ് വിനീത് ശ്രീനിവാസന്‍ ഞാന്‍ അയച്ച മെസേജിന് മറുപടി തരുന്നത്. ഷോര്‍ട്ട് ഫിലിം കണ്ടു, നന്നായിട്ടുണ്ട്, ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം എന്നൊക്കെ പറഞ്ഞു.

പ്രിയംവദ ശരിക്ക് അന്ന് ടെക്‌നിക്കലി വലിയ സംഭവമായ ഷോര്‍ട്ട് ഫിലിം ഒന്നുമല്ല. അന്ന് മലയാളത്തില്‍ അങ്ങനത്തെ കോമഡി ഷോര്‍ട്ട് ഫിലിംസ് കുറവായിരുന്നു.

ഇന്ന് അത്തരത്തില്‍ ഒരുപാട് ഷോര്ട്ട് ഫിലിംസ്, കോമഡിയുള്ള, ഭയങ്കര ക്വാളിറ്റിയുള്ള, ഒരുപാട് കാശ് മുടക്കിയുള്ളവ ഇറങ്ങുന്നുണ്ട്.

അപ്പൊ ഇന്നാണ് ഞാനിത് അജു വര്‍ഗീസിന് അയച്ച് കൊടുക്കുന്നതെങ്കില്‍ എന്നെ ഒരിക്കലും പുള്ളി മൈന്‍ഡ് ചെയ്യുക പോലുമില്ല. ജസ്റ്റ് അനദര്‍ റിക്വസ്റ്റ് എന്ന് പറഞ്ഞ് വിടുകയേ ഉള്ളൂ.

അന്ന് അത് അങ്ങനെ ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അല്ലാതെ അത് വലിയ സംഭവമായിട്ടൊന്നുമല്ല,” ബേസില്‍ പറഞ്ഞു.

‘പ്രിയംവദ കാതരയാണോ’ എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതും ബേസില്‍ തന്നെയാണ്.
ഇതിന് ശേഷം, അജു വര്‍ഗീസിനൊപ്പം ഒരു തുണ്ട് പടം എന്ന ഷോര്‍ട്ട് ഫിലിമും ബേസില്‍ സംവിധാനം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Basil Joseph talks about the time when he directed short films

We use cookies to give you the best possible experience. Learn more