ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
സൂക്ഷ്മദര്‍ശിനിയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഒരു ത്രില്ലര്‍ സിനിമയാണ് സൂക്ഷ്മദര്‍ശിനി എന്നും എന്നാല്‍ സ്ഥിരം കാണുന്ന രീതിയില്‍ ഉള്ളൊരു ചിത്രമല്ല അതെന്നും ബേസില്‍ പറയുന്നു. സാധാരണ കാണുന്ന ത്രില്ലര്‍ സിനിമകള്‍ക്ക് ഒരു പ്രത്യേക കളര്‍ പാലറ്റും വിഷ്വല്‍ ലാംഗ്വേജും ഉണ്ടെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ചിത്രമെന്നും ബേസില്‍ പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ സിനിമയെപോലെ സ്വഭാവമുള്ള ത്രില്ലര്‍ ചിത്രമാണ് സൂക്ഷ്മദര്‍ശിനിയെന്ന് ബേസില്‍ കൂട്ടിച്ചേര്‍ത്തു. കളര്‍ഫുള്‍ സെറ്റും കോസ്റ്റിയുമും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളുമുള്ള സിനിമയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘നമ്മള്‍ ഒരു ത്രില്ലര്‍ സിനിമ എന്ന രീതിയില്‍ ഒരുക്കിയ ചിത്രമാണ് ഇത്. സാധാരണ ത്രില്ലര്‍ സിനിമയെന്ന് പറയുമ്പോള്‍ നമുക്കതിനൊരു വിഷ്വല്‍ ലാംഗ്വേജും ഒരു പ്രത്യേക കളര്‍ പാലറ്റ് എല്ലാമുണ്ട്. ജിതിനും അതുലും ലിഥിനും ക്രിസ്റ്റോ ആണെങ്കില്‍ പോലും ഈ ചിത്രത്തില്‍ ഏറ്റവും ബ്രില്യന്റ് ആയി ചെയ്തിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാല്‍, സാധാരണ കാണുന്ന ഒരു ത്രില്ലറിന്റെ ടോണില്‍ അല്ല ഈ ചിത്രം എടുത്ത് വെച്ചിരിക്കുന്നത് എന്നതാണ്.
ഒരു ത്രില്ലറിന്റെ ടോണില്‍ അല്ല ഈ സിനിമ കാണാന്‍ പറ്റുന്നത്. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമയെ പോലെ സ്വഭാവമുള്ളൊരു സിനിമയില്‍ വളരെ ആകാംക്ഷ നിറക്കുന്ന രീതിയിലുള്ള ത്രില്ലറും കൂടെ ചേരുന്നതാണ് സൂക്ഷ്മദര്‍ശിനി.
ഇവര്‍ ഏറ്റവും ബ്രില്യന്റ് ആയിട്ട് ചെയ്‌തൊരു കാര്യവും അതുതന്നെയാണ്. സിനിമയില്‍ നല്ല കളര്‍ഫുള്‍ ആയിട്ടുള്ള കോസ്റ്റിയുമും നല്ല സെറ്റും നമുക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരുപാട് സ്ത്രീകളും പുരുഷന്മാരും എല്ലാം ചേര്‍ന്നതാണ് സൂക്ഷ്മദര്‍ശിനി,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Sookshmadarshini Movie