ആ സിനിമ അനൗണ്‍സ് ചെയ്തതും പ്രേമലു പോലുള്ള സിനിമയാണോ എന്നാണ് അവര്‍ ചോദിച്ചത്: ബേസില്‍ ജോസഫ്
Entertainment
ആ സിനിമ അനൗണ്‍സ് ചെയ്തതും പ്രേമലു പോലുള്ള സിനിമയാണോ എന്നാണ് അവര്‍ ചോദിച്ചത്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th November 2024, 8:43 am

പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സിനിമയാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിക്കുന്നു എന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നസ്രിയ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും എത്തിയത്.

ഫാമിലി – ത്രില്ലര്‍ ഴോണറില്‍ ആയിരുന്നു സൂക്ഷ്മദര്‍ശിനി എത്തിയത്. എന്നാല്‍ സിനിമയുടെ അനൗണ്‍സ്‌മെന്റ് മുതല്‍ റൊമാന്റിക് – കോമഡി ചിത്രമാകും എന്നാണ് പലരും കരുതിയതെന്ന് പറയുകയാണ് ബേസില്‍ ജോസഫ്.

തന്റെ കൂട്ടുകാര് പോലും റോം-കോം ആണോ, പ്രേമലു പോലെയുള്ള സിനിമയാണോ എന്നായിരുന്നു ചോദിച്ചതെന്നും നടന്‍ പറയുന്നു. റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ഞങ്ങള്‍ പടം അനൗണ്‍സ് ചെയ്ത സമയം മുതല്‍ മൊത്തത്തിലുള്ള റെസ്‌പോണ്‍സ് ഇതൊരു റോം-കോം അല്ലെങ്കില്‍ ഫുള്‍ കോമഡി പടമാകും എന്ന രീതിയിലായിരുന്നു. ഞാനും നസ്രിയയും ആണെന്ന് അറിഞ്ഞതോടെ നല്ല ഇന്‍ട്രസ്റ്റിങ് കോമ്പിനേഷന്‍ ആണല്ലോയെന്ന് പലരും പറഞ്ഞു.

തുടക്കം മുതല്‍ക്ക് തന്നെ കോമ്പോ എന്ന രീതിയില്‍ ആളുകള്‍ വളരെ നന്നായി തന്നെ സെലിബ്രേറ്റ് ചെയ്തിരുന്നു. എന്റെ കൂട്ടുകാര് പോലും റോം-കോം ആണോ, പ്രേമലു പോലെയുള്ള സിനിമയാണോ എന്നായിരുന്നു ചോദിച്ചത്.

പ്രേമലുവിന്റെ സമയത്ത് ഗിരീഷ് എ.ഡിയും ദിലീഷ് പോത്തനുമൊക്കെ ഇന്റര്‍വ്യൂകളില്‍ ‘ബേസിലും നസ്രിയയും ഒരുമിച്ചുള്ള ഒരു കോമ്പിനേഷനാണ് ആയിരുന്നു ആദ്യം ആലോചിച്ചത്’ എന്ന് പറഞ്ഞിരുന്നു. അന്ന് മുതല്‍ ഞങ്ങളുടെ കോമ്പിനേഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

സൂക്ഷ്മദര്‍ശിനിയുടെ അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ പ്രേമലുവില്‍ വരേണ്ടിയിരുന്ന കോമ്പിനേഷനാണ് ഇതില്‍ വരുന്നതെന്ന തരത്തില്‍ ചര്‍ച്ചകളായി. അതോടെ ഞങ്ങള്‍ കൂടുതല്‍ എക്‌സൈറ്റഡായി. കാരണം ആളുകള്‍ പ്രതീക്ഷിക്കുന്നതല്ല ഞങ്ങള്‍ ഡെലിവര്‍ ചെയ്യാന്‍ പോകുന്നതെന്ന കാര്യം ഞങ്ങള്‍ക്ക് അറിയുന്നതായിരുന്നു,’ ബേസില്‍ ജോസഫ് പറയുന്നു.


Content Highlight: Basil Joseph Talks About Sookshmadarshini And Premalu