സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബേസില്‍ ജോസഫ്. അദ്ദേഹം നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്സ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്.
സിനിമയില്‍ സിജു സണ്ണിയും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മരണമാസ്സില്‍ ബ്ലീച്ച് ചെയ്ത മുടിയും ജാക്കറ്റും വെട്ടുവീണ പുരികവുമായി ഇതുവരെ കാണാത്ത പുത്തന്‍ സ്റ്റൈലിഷ് ലുക്കിലാണ് ബേസില്‍ എത്തുന്നത്.
ഈ സിനിമക്ക് വേണ്ടി മുടി ബ്ലീച്ച് ചെയ്തത് കാരണം ബേസില്‍ തൊപ്പി വെച്ചിട്ടായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി മിക്ക പരിപാടികളിലും വന്നിരുന്നത്. ഇപ്പോള്‍ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ അതിനെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്.
മുടിക്ക് കളറടിച്ചത് കാരണം എവിടെ പോകുമ്പോഴും തലയില്‍ തൊപ്പി വെക്കണമായിരുന്നെന്നും ഒരേ തൊപ്പി തന്നെ വെക്കാന്‍ പറ്റാത്തത് കാരണം കുറേ തൊപ്പികള്‍ വാങ്ങണമായിരുന്നുവെന്നും നടന്‍ പറയുന്നു. കൊളാബിലൂടെ തൊപ്പി കിട്ടില്ലേയെന്ന ചോദ്യത്തിന് ‘അങ്ങനെ കൊളാബ് ചെയ്ത് തൊപ്പി കിട്ടാന്‍ ഞാന്‍ സിജു സണ്ണിയല്ലല്ലോ’ എന്നായിരുന്നു ബേസിലിന്റെ മറുപടി.
അതുകൊണ്ട് കുറേ തൊപ്പികള്‍ വാങ്ങണമായിരുന്നു. തൊപ്പി നമ്മള്‍ തന്നെ വാങ്ങണം. കൊളാബിലൂടെയൊന്നും കിട്ടില്ല. അങ്ങനെ കൊളാബ് ചെയ്ത് തൊപ്പി കിട്ടാന്‍ ഞാന്‍ സിജു സണ്ണിയല്ലല്ലോ.
ഞാന്‍ തൊപ്പിയൊക്കെ കാശ് കൊടുത്ത് തന്നെയാണ് വാങ്ങിയത് (ചിരി). പക്ഷെ വേറെയൊരു കാര്യമുണ്ട്. ഞാന്‍ കാശ് കൊടുത്ത് വാങ്ങിയ തൊപ്പിയില്‍ രണ്ടെണ്ണം സിജു അടിച്ചുമാറ്റി കൊണ്ടുപോയി,’ ബേസില്‍ ജോസഫ് പറയുന്നു.
മരണമാസ്സ്:
മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരണമാസ്സ്. ബേസില്‍ ജോസഫ് നായകാനായെത്തുന്ന ചിത്രം നിര്‍മിക്കുന്നത് നടന്‍ ടൊവിനോ തോമസാണ്. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, കള, വഴക്ക്, അദൃശ്യജാലകങ്ങള്‍ എന്നിവക്ക് ശേഷം ടൊവിനോ തോമസ് നിര്‍മാതാവായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മരണമാസ്സിനുണ്ട്. ബേസിലിനും സിജു സണ്ണിക്കും പുറമെ രാജേഷ് മാധവന്‍, സുരേഷ് കൃഷ്ണ, ബാബു ആന്റണി, പുളിയനം പൗലോസ്, അനിഷ്മ അനില്‍കുമാര്‍, ബിപിന്‍ ചന്ദ്രന്‍ തുടങ്ങിയവരും മരണമാസ്സില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Basil Joseph Talks About Siju Sunny And Maranamass Movie