മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തന്റെ കഴിവ് തെളിയിക്കാന്‍ ബേസിലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെ ലൊക്കേഷനില്‍ മൊത്തം ഭയങ്കര അലമ്പായിരുന്നു. നസ്രിയയും കൂടെ ഉള്ളതുകൊണ്ട് ഭയങ്കര ഓളമായിരുന്നു – ബേസില്‍
കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സൂക്ഷമദര്‍ശിനിയില്‍ ബേസില്‍ അഭിനയിച്ചിരുന്നു. നസ്രിയ നസീമായിരുന്നു ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ വര്‍ഷമാദ്യം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ പൊന്മാനിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ബേസില്‍ ആയിരുന്നു.
ഈ രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിങ് ലൊക്കേഷനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെ ലൊക്കേഷനില്‍ മൊത്തം അലമ്പായിരുന്നുവെന്നും നസ്രിയയും കൂടെ ഉള്ളതുകൊണ്ട് നല്ല ഓളമായിരുന്നുവെന്നും ബേസില്‍ പറയുന്നു. ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പ് വരെ അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടിക്കൊണ്ടിരിക്കുകയായിരിക്കുമെന്നും നല്ല രസമായിരുന്നുവെന്നും ബേസില്‍ പറഞ്ഞു.
എന്നാല്‍ പൊന്മാന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ വളരെ സീരിയസായിരുന്നുവെന്നും അതേ സീരിയസ്‌നെസ്സോടെയാണ് ആ ചിത്രത്തെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെ ലൊക്കേഷനില്‍ മൊത്തം ഭയങ്കര അലമ്പായിരുന്നു. നസ്രിയയും കൂടെ ഉള്ളതുകൊണ്ട് ഭയങ്കര ഓളമായിരുന്നു. ആക്ഷന്‍ എന്ന് പറയുമ്പോള്‍ മാത്രമായിരുന്നു നമ്മള്‍ മിണ്ടാതിരിക്കുന്നത്. ആക്ഷന്‍ പറയുന്നതിന് തൊട്ട് മുമ്പുവരെ നമ്മള്‍ സംസാരിച്ച് കൊണ്ടിരിക്കും. ആക്ഷന്‍ പറയുന്നതിന് തൊട്ടുമുമ്പ് വരെ അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. അതിന് വേറൊരു രസമായിരുന്നു.
എന്നാല്‍ സിനിമയില്‍ അത് തോന്നില്ല. എന്നാല്‍ പൊന്മാനിലേക്ക് വരുമ്പോള്‍ സെറ്റ് കുറച്ചുകൂടി സീരിയസായിരുന്നു. വളരെ സീരിയസായ സെറ്റായിരുന്നു പൊന്മാനിലേത്. ജോതിഷേട്ടന്‍ (സംവിധായകന്‍ ജ്യോതിഷ് ശങ്കര്‍) ആണെങ്കില്‍ ഇത് കറക്റ്റായി എങ്ങനെ ചെയ്യാം എന്നതൊക്കെ നോക്കി വളരെ ടെന്‍ഷനും പ്രഷറുമൊക്കെയായി നടക്കുകയായിരുന്നു.
സനു ചേട്ടന്‍ ( ക്യാമറാമാന്‍ സനു ജോണ്‍ വര്‍ഗീസ്) ആണെങ്കിലും സീരിയസായാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. ഇന്ദുഗോപന്‍ (തിരക്കഥാകൃത്ത്) ചേട്ടനും അങ്ങനെത്തന്നെ. അതുകൊണ്ടൊക്കെ ആ സിനിമയുടെ ലൊക്കേഷന്‍ അത്ര വലിയ ഫണ്‍ അല്ല. പക്ഷെ ആ സീരിയസ്‌നെസ്സ് പൊന്മാന് വളരെ ഗുണം ചെയ്തിട്ടുണ്ട്. സീരിയസായിട്ടാണ് എല്ലാവരും പൊന്മാനെ സമീപിച്ചിട്ടുള്ളത്,’ ബേസില്‍ ജോസഫ് പറയുന്നു.
Content highlight: Basil Joseph talks about shooting of Sookshmadarshini and ponman movies