ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്‍മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കി എത്തുന്ന സിനിമയാണ് ഇത്.
ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ ബേസിലിനെ കൂടാതെ, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോള്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.
ഇപ്പോള്‍ സജിന്‍ ഗോപുവിനെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. അദ്ദേഹത്തിന് വില്ലന്‍ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റഡായി പോകാന്‍ സാധ്യതയുള്ള രൂപമാണെന്നാണ് നടന്‍ പറയുന്നത്. അങ്ങനെയുള്ളപ്പോഴാണ് സജിന്‍ ഗോപു 2021ല്‍ പുറത്തിറങ്ങിയ ജാന്‍ ഏ-മന്‍ എന്ന സിനിമയിലൂടെ അത് ബ്രേക്ക് ചെയ്യുന്നതെന്നും ബേസില്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘ഞാന്‍ മുമ്പ് പറഞ്ഞ കാര്യമാണ്. സജിന്‍ ഗോപു എന്ന നടന് ടൈപ്പ് കാസ്റ്റഡായി പോകാന്‍ സാധ്യതയുള്ള ഒരു രൂപമാണ്. അതായത് വില്ലന്‍ വേഷങ്ങളില്‍ അദ്ദേഹം ടൈപ്പ് കാസ്റ്റഡായി പോകാന്‍ സാധ്യതയുണ്ട്. ആളുകള്‍ അദ്ദേഹത്തെ വില്ലന്‍ വേഷത്തിലേക്ക് മാത്രമായി കാസ്റ്റ് ചെയ്യും.
അങ്ങനെയുള്ളപ്പോഴാണ് സജിന്‍ ജാന്‍ ഏ-മന്‍ എന്ന സിനിമയില്‍ സജിയേട്ടന്റെ റോള്‍ ചെയ്ത് അത് ബ്രേക്ക് ചെയ്യുന്നത്. പിന്നീട് അഭിനയിച്ച രോമാഞ്ചത്തിലും അദ്ദേഹം ഹ്യൂമര്‍ ടച്ചുള്ള റോളാണ് ചെയ്യുന്നത്. അതിന് ശേഷം അമ്പാന്‍ എന്ന കഥാപാത്രത്തിലൂടെ അതിന്റെ എക്‌സ്ട്രീം ചെയ്തു.
എല്ലാം കഴിഞ്ഞ് പൊന്‍മാന്‍ സിനിമയിലേക്ക് വരുമ്പോള്‍ മരിയാനോ എന്ന കഥാപാത്രമായിട്ടാണ് സജിന്‍ അഭിനയിക്കുന്നത്. അതില്‍ വളരെ സീരിയസായ ഒരു കഥാപാത്രമാണ്. ഹ്യൂമറിന്റെ ഒരു അംശം പോലും ഇല്ലാത്ത കഥാപാത്രമാണ് അത്. അദ്ദേഹത്തിന്റെ ചോയ്‌സുകള്‍ വളരെ ഇന്‍സ്‌പെയറിങ്ങാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph Talks About Sajin Gopu