ഷോര്‍ട് ഫിലിം സംവിധാനത്തിലൂടെ വന്ന് പിന്നീട് മലയാള സിനിമയില്‍ സംവിധാകനായും ഇപ്പോള്‍ നായക നടനായും തിളങ്ങി നില്‍ക്കുന്ന താരമാണ് ബേസില്‍ ജോസഫ്.
ഒരു തുണ്ടു പടം, പ്രിയംവദ കാതരയാണോ എന്നീ രണ്ട് ഷോര്‍ട് ഫിലിമുകളാണ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സമയത്ത് ബേസില്‍ സംവിധാനം ചെയ്തത്. ഇതേക്കുറിച്ച് നിരവധി അഭിമുഖങ്ങളിലും താരം സംസാരിച്ചിട്ടുണ്ട്.
പ്രിയംവദ കാതരയാണ് ഷോര്‍ട് ഫിലിം കണ്ട് വിനീത് ശ്രീനിവാസന്‍ മെസേജ് അയച്ചതിനെക്കുറിച്ചും പിന്നീട് എട്ട് മാസം കഴിഞ്ഞപ്പോള്‍ അസിസ്റ്റന്റാവാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഇങ്ങോട്ട് കോണ്‍ടാക്ട് ചെയ്തതിനെ പറ്റിയും പറയുകയാണ് ഇപ്പോള്‍ ബേസില്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”പ്രിയംവദ കാതരയാണോ എന്ന ഷോര്‍ട്ഫിലിം ചെയ്ത സമയത്ത്, അത് കുറേ പേര്‍ക്ക് ഫേസ്ബുക്കിലൂടെയൊക്കെ അയച്ച് കൊടുത്തിരുന്നു. ആദ്യമായി ആ ഷോര്‍ട് ഫിലിം കണ്ടത് അജു ചേട്ടന്‍, അജു വര്‍ഗീസാണാണ്. പുള്ളി അത് കണ്ടിട്ട് വിനീതേട്ടനോട് (വിനീത് ശ്രീനിവാസന്‍) അത് സജസ്റ്റ് ചെയ്യുകയായിരുന്നു, ഇങ്ങനെ ഒരെണ്ണമുണ്ട് കണ്ടുനോക്ക് എന്ന് പറഞ്ഞിട്ട്.
വിനീതേട്ടന്‍ ഓള്‍റെഡി എനിക്ക് മെസേജ് അയച്ചിരുന്നു. പുള്ളി ഷോര്‍ട് ഫിലിം കണ്ടിട്ട് റിപ്ലൈ ചെയ്തതായിരുന്നു. അതിനിടയില്‍ ഞാന്‍ നൈസായി ചോദിച്ചു, സഹസംവിധായകനായി വര്‍ക്ക് ചെയ്യാന്‍ വല്ല സാധ്യതയുമുണ്ടോ, എന്ന്.
ഇപ്പൊള്‍ ഒന്നുമില്ല, കുറച്ച് കഴിഞ്ഞ് നോക്കാം. ഇപ്പൊ തട്ടത്തിന്‍ മറയത്ത് ഇറങ്ങുന്നേ ഉള്ളൂ, ഞാന്‍ എപ്പോഴുമെപ്പോഴും സിനിമ ചെയ്യുന്ന ആളല്ല. അടുത്ത പ്രോജക്ട് നോക്കിയിട്ട് ഞാന്‍ പറയാം, എന്ന് വിനീതേട്ടന്‍ പറഞ്ഞു. ഓക്കെ, ആയിക്കോട്ടെ, എന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ എന്റെ ജോലിയില്‍ തുടര്‍ന്നു. ഒരു എട്ട് മാസം കഴിഞ്ഞപ്പോള്‍ ‘ഇപ്പോഴും അസിസ്റ്റന്റാവാന്‍ ഇന്ററസ്റ്റഡ് ആണോ’ എന്ന് ചോദിച്ച് എനിക്ക് ഇങ്ങോട്ട് മെസേജ് അയച്ചു. ‘ഓ ഇയാള് എന്നെ ഇതുവരെ മറന്നില്ലേ,’ എന്നാണ് ഞാന്‍ അപ്പോള്‍ വിചാരിച്ചത്.
എട്ട് മാസം കഴിഞ്ഞല്ലോ. നോക്കാം എന്ന് പറഞ്ഞ് സാധാരണ പിന്നെ ആരും വിളിക്കില്ലല്ലോ. പക്ഷെ ഇത് എട്ട് മാസം കഴിഞ്ഞിട്ടും എന്നെ മറന്നിട്ടുമില്ല, എനിക്ക് ഇങ്ങോട്ട് മെസേജ് അയക്കുകയും ചെയ്തു. ഇപ്പോഴും ഓക്കെ ആണോ, ചെയ്യാന്‍ റെഡിയാണോ എന്നെ ഇങ്ങോട്ട് ഓര്‍മിപ്പിച്ചു.
പിന്നെന്താ, നൂറ് ശതമാനം. ഞാന്‍ നാളെത്തന്നെ രാജിക്കത്ത് തരട്ടെ,’ എന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്,” ബേസില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം, ബേസില്‍ നായകനായ ഏറ്റവും പുതിയ ചിത്രം പാല്‍തു ജാന്‍വര്‍ മികച്ച പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഒരു മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മൃഗാശുപത്രിയെ ചുറ്റിപ്പറ്റിയുള്ള ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ആണ് നിര്‍മാണം.
Content Highlight: Basil Joseph talks about Priyamvadha Katharayano short film and Vineeth Sreenivasan’s message