ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പൊന്‍മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.
ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ ബേസിലിനെ കൂടാതെ, സജിന്‍ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോള്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിക്കുന്നത്.
ഇപ്പോള്‍ സിനിമക്ക് മുമ്പ് ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവല്‍ വായിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബേസില്‍ ജോസഫ്. ഈ സിനിമ ചെയ്യാമെന്ന് താന്‍ തീരുമാനിക്കുന്നത് നോവല്‍ വായിച്ചിട്ടാണെന്നാണ് നടന്‍ പറയുന്നത്. റേഡിയോ മാങ്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
‘ഈ സിനിമ ചെയ്യാമെന്ന് ഞാന്‍ തീരുമാനിക്കുന്നത് നോവല്‍ വായിച്ചിട്ടാണ്. നോവലാണ് ആദ്യം വായിച്ചത്. അത് വായിച്ചപ്പോള്‍ തന്നെ സിനിമ ചെയ്യാന്‍ വളരെ ഏറെ എക്‌സൈറ്റ്‌മെന്റ് തോന്നിയിരുന്നു. കാരണം അതിലെ എന്റെ കഥാപാത്രം അത്തരത്തില്‍ മികച്ച ഒരു കഥാപാത്രമാണ്.
‘അജേഷ്’ എന്ന എന്റെ കഥാപാത്രം എനിക്ക് പേഴ്‌സണലി ഒരുപാട് ഇഷ്ടമായി. പിന്നെ ആ കഥക്ക് ഒരു ഒറിജിനാലിറ്റിയുണ്ട്. നമ്മള്‍ അധികം കേട്ടിട്ടുള്ള ഒരു ടൈപ്പ് കഥയല്ല അതിന്റേത്. ഇന്ദുഗോപന്‍ ചേട്ടന്റെ പുസ്തകങ്ങള്‍ക്കൊക്കെ അങ്ങനെയുള്ള ഒരു പ്രത്യേകതയുണ്ട്.
നമ്മുടെ നാട്ടിലൊക്കെ നടക്കുന്ന കഥകള്‍ തന്നെയാണ് അതില്‍ പറയുന്നത്. എന്നാല്‍ ഇടക്ക് നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെയുള്ള കഥയുണ്ടോയെന്നും തോന്നാം. നമുക്ക് ചുറ്റും ചിലപ്പോള്‍ നമുക്ക് അറിയാത്ത കഥകളും ഉണ്ടാകാമല്ലോ.
അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒറ്റയിരിപ്പില്‍ വായിച്ച് തീര്‍ക്കാവുന്ന ഒന്നാണ് നാലഞ്ച് ചെറുപ്പക്കാര്‍. അത് വളരെ സിനിമാറ്റിക്കാണ്. ആ കഥ വായിച്ചപ്പോള്‍ തന്നെ എക്‌സൈറ്റ്‌മെന്റായിരുന്നു. പിന്നെ മറ്റുള്ളവരുടെ കഥാപാത്രങ്ങളും വളരെ മികച്ചതായിരുന്നു,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Ponman Movie