ജീത്തു ചേട്ടന്‍ വിളിച്ചതും ത്രില്ലറാകുമെന്ന് ഉറപ്പിച്ചു; കൊലപാതകം ചെയ്യാനും മറച്ചുവെക്കാനും ഞാന്‍ തയ്യാറായിരുന്നു: ബേസില്‍ ജോസഫ്
Entertainment
ജീത്തു ചേട്ടന്‍ വിളിച്ചതും ത്രില്ലറാകുമെന്ന് ഉറപ്പിച്ചു; കൊലപാതകം ചെയ്യാനും മറച്ചുവെക്കാനും ഞാന്‍ തയ്യാറായിരുന്നു: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 6:09 pm

ജീത്തു ജോസഫും ബേസിലും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫും യുവനായകന്മാരില്‍ ശ്രദ്ധേയനായ ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

ഇപ്പോള്‍ നുണക്കുഴിയെ കുറിച്ച് പറയുകയാണ് നടന്‍ ബേസില്‍ ജോസഫ്. സംവിധായകന്‍ ജീത്തു ഇങ്ങനെയൊരു സിനിമയുണ്ടെന്നും കെ.ആര്‍. കൃഷ്ണകുമാറാണ് തിരക്കഥ എഴുതുന്നതെന്നും പറയുകയായിരുന്നു എന്നാണ് ബേസില്‍ പറയുന്നത്. ഇതൊരു ത്രില്ലര്‍ സിനിമയാകുമെന്നാണ് താന്‍ ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ജീത്തു ചേട്ടന്‍ എന്നെ വിളിച്ച് ഇങ്ങനെയൊരു സിനിമയുണ്ട്, കഥ കേള്‍ക്കണം എന്ന് പറഞ്ഞു. കൃഷ്ണകുമാര്‍ എന്ന റൈറ്ററാണ് എഴുതിയതെന്നും അദ്ദേഹം വരുമെന്നുമാണ് ജീത്തു ചേട്ടന്‍ എന്നോട് പറഞ്ഞത്. കൂമനും 12ത് മാനും ഒക്കെ എഴുതിയിട്ടുള്ള ആളാണ് കൃഷ്ണകുമാര്‍ ചേട്ടന്‍.

അതുകൊണ്ട് ഇതൊരു ത്രില്ലര്‍ സിനിമയാകുമെന്ന് ഞാന്‍ ഉറപ്പിച്ചു. ഇനി കുറച്ച് സീരിയസാകാമെന്ന് കരുതി. കാരണം ഇനി കൊലപാതകം ചെയ്യാനും അത് മറച്ചുവെക്കാനുമൊക്കെ ഉള്ളതല്ലെ എന്നൊക്കെ ഞാന്‍ ഓര്‍ത്തു. അങ്ങനെയുള്ള ഒരു ത്രില്ലര്‍ സിനിമക്ക് റെഡിയാകാം എന്നാണ് ഞാന്‍ കരുതിയത്.

അപ്പോഴാണ് ഇതൊരു ഹ്യൂമര്‍ ചിത്രമാണെന്ന് പറയുന്നത്. ഹ്യൂമറെങ്കില്‍ ഹ്യൂമറെന്ന് കരുതിയാണ് ഞാന്‍ വന്നത്. വളരെ രസകരമായിട്ടാണ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തുടക്കം മുതല്‍ക്ക് അവസാനം വരെ രസച്ചരട് പൊട്ടാതെയാണ് കഥ പോകുന്നത്.

സിനിമ കാണുമ്പോള്‍ ഇടക്ക് അത് താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്ന് തോന്നും. എന്നാല്‍ അപ്പോഴേക്കും മറ്റു കഥാപാത്രങ്ങളിലൂടെ കഥയെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ സ്‌ക്രിപ്റ്റിന് സാധിച്ചിട്ടുണ്ട്. അത്രയും മികച്ച കഥയാണ് നുണക്കുഴിയുടേത്,’ ബേസില്‍ ജോസഫ് പറഞ്ഞു.

Content Highlight: Basil Joseph Talks About Nunakkuzhi Movie And Jeethu Joseph