ബേസിലും നസ്രിയയും ആദ്യമായി ഒന്നിച്ച ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ചിത്രം സംവിധാനം ചെയ്തത് എം.സി ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തിയത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്.
നസ്രിയയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഓഫ് സ്‌ക്രീനില്‍ കാണുന്നതുപോലെയല്ല തങ്ങള്‍ സിനിമയിലുള്ളതെന്നും എന്നാല്‍ രണ്ടുപേരുടെയും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും ബേസില്‍ പറയുന്നു. ഇതുവരെ വര്‍ക്ക് ചെയ്തതില്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ എന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്
‘ഓഫ് സ്‌ക്രീനിലെ ഞങ്ങളുടെ കുസൃതിയും അലമ്പുമൊന്നുമല്ല സിനിമയിലുള്ളത്. വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ്. പക്ഷേ, സിനിമയുടെ പ്രോസസ് വളരെ രസമായിരുന്നു. ഞങ്ങളുടെ സ്വഭാവത്തില്‍ സാമ്യതകളേറെയുണ്ട്. ഒരേ എനര്‍ജിയാണ്. ‘തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി, എവിടെയായിരുന്നു ഇത്രയുംകാലം’ എന്ന് പരസ്പരം ചോദിക്കാറുണ്ടായിരുന്നു.
സൂക്ഷ്മ ദര്‍ശിനിയുടെ സെറ്റില്‍വെച്ചാണ് നസ്രിയയെ ആദ്യമായി കാണുന്നത്. അതുവരെ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയക്കുകയും സുഹൃത്തുക്കള്‍ വഴി പരസ്പരം അറിയുകയും കേള്‍ക്കുകയും മാത്രമേ ചെയ്തിരുന്നുള്ളൂ. നിങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യണമെന്ന് എന്നോടും നസ്രിയയോടും സുഷിനും ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമൊക്കെ പലതവണ പറഞ്ഞിട്ടുണ്ട്. ഇവരൊക്കെ അതിനുള്ള ശ്രമങ്ങള്‍ മുന്‍പ് നടത്തിയിട്ടുമുണ്ട്. സൂക്ഷ്മ ദര്‍ശിനിയിലൂടെ അത് നടന്നു.
വ്യക്തിപരമായും അവരവരുടെ വര്‍ക്കിനോടുമുള്ള ബഹുമാനം രണ്ടുപേര്‍ക്കുമുണ്ട്. എങ്കില്‍പ്പോലും ലൊക്കേഷനിലെത്തിയാല്‍ പരസ്പരം അടിപിടി ബഹളമായിരുന്നു. ഒരുതരത്തിലും മറ്റെയാളെ പ്രോത്സാഹിപ്പിക്കില്ല. എന്ത് ചെയ്താലും ‘നല്ല ബോറായിട്ടുണ്ട്’ അല്ലെങ്കില്‍ ‘വളരെ മനോഹരമായിരിക്കുന്നു നിന്റെ അഭിനയം’ എന്നൊക്കെ കളി പറയും.
ചിലപ്പോള്‍ അമ്പത് ടേക്ക് ഒക്കെ പോകും. അപ്പോള്‍ ‘ഞാന്‍പോയി ഉറങ്ങിയിട്ട് വരാം’ എന്നൊക്കെ പറഞ്ഞ് വെറുപ്പിക്കും. പരസ്പരം അപമാനങ്ങളൊക്കെ വാങ്ങിക്കൂട്ടും. ചില സിനിമകള്‍ ചെയ്യുമ്പോള്‍ വര്‍ക്കിന് പോകുന്നപോലെയൊക്കെ തോന്നും. പക്ഷേ, ഇന്ന് അവളെ എങ്ങനെ ശരിയാക്കും അവളുടെ അറ്റാക്കിനെ എങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പ്ലാന്‍ ചെയ്താണ് ഈ ലൊക്കേഷനിലേക്കുപോകുക. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിളായി വര്‍ക്ക് ചെയ്ത കോ-ആക്ട്രസാണ് നസ്രിയ,’ ബേസില്‍ പറയുന്നു.