| Sunday, 17th November 2024, 8:12 am

എനിക്കും ആ നടിക്കും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകള്‍ ഉള്ളതായി തോന്നിയിട്ടുണ്ട്: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ക്ക് തന്നെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസില്‍ ജോസഫും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

എം.സി ജിതിന്‍ സംവിധാനം ചെയ്ത സൂക്ഷ്മദര്‍ശിനിയില്‍ അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും എത്തുന്നത്. സിനിമയുടെ ക്ലാപ് അടിക്കുന്ന ചിത്രങ്ങള്‍ ഈയിടെ പുറത്ത് വന്നിരുന്നു. ആ സമയത്ത് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചിരിക്കുന്നതാണ് കണ്ടത്.

ആ ചിരി ഷൂട്ടിങ്ങില്‍ ഉടനീളം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നസ്രിയയും ബേസിലും. പടത്തില്‍ നിറയെ കോമഡിയല്ലെങ്കിലും ഷൂട്ടിങ് സമയം മുഴുവന്‍ തമാശയായിരുന്നെന്നും തനിക്കും നസ്രിയക്കും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ടെന്നുമാണ് ബേസില്‍ പറയുന്നത്. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

‘പടത്തില്‍ നിറയെ കോമഡി അല്ലെങ്കിലും ഷൂട്ടിങ് സമയം മുഴുവന്‍ തമാശയായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ട്.

കൂട്ടം കൂടുമ്പോള്‍ അതിനു നടുവില്‍ ഇരിക്കുന്നവരുണ്ടാകില്ലേ? ഓരോ തള്ളു കഥയൊക്കെ പറഞ്ഞ്, പഴയ കഥകളും തമാശക്കഥകളും പറഞ്ഞ്, എല്ലാവരെയും ചിരിപ്പിക്കുന്നവര്‍. ഞങ്ങള്‍ ലൊക്കേഷനില്‍ അങ്ങനെയുള്ള ആളുകളാണ്,’ ബേസില്‍ ജോസഫ് പറയുന്നു.

സൂക്ഷ്മദര്‍ശിനിയില്‍ ഷൂട്ടിങ്ങിന്റെ സമയത്ത് തങ്ങള്‍ക്ക് എപ്പോഴും ചിരിക്കാനുണ്ടായിരുന്നു എന്നാണ് നസ്രിയ പറയുന്നത്. എന്നാല്‍ സിനിമ മുഴുവന്‍സമയ കോമഡിയല്ലെന്നും നടി പറഞ്ഞു. താനും ബേസിലും ഒരേ വൈബുള്ള ആളുകളാണെന്നും ഒരേ പേസും ഒരേ എനര്‍ജിയുമാണെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.

‘ഞാനും ബേസിലും സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്തൊക്കെ അങ്ങനെത്തന്നെയായിരുന്നു. ഞങ്ങള്‍ക്ക് എപ്പോഴും ചിരിക്കാനുണ്ടായിരുന്നു. പക്ഷേ നമ്മുടെ പടം മുഴുവന്‍സമയ കോമഡിയേയല്ല.

ഞങ്ങള്‍ ഒരേ വൈബുള്ള ആളുകളാണ്. ഒരേ പേസും ഒരേ എനര്‍ജിയുമാണ്. ഞങ്ങള്‍ ലൊക്കേഷനില്‍ എത്തിയാല്‍ പിന്നെ എല്ലാവരും സംസാരം ഞങ്ങള്‍ക്ക് വിട്ടുതരും. ‘ഓക്കെ, പെര്‍ഫോം’ എന്നാണ് അവരൊക്കെ പറയുക,’ നസ്രിയ പറഞ്ഞു.

Content Highlight: Basil Joseph Talks About Nazriya

We use cookies to give you the best possible experience. Learn more