മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബേസില്‍ ജോസഫ്. സംവിധാനം, അഭിനയം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച താരത്തിന് ആരാധകര്‍ ഏറെയാണ്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ബേസില്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.
പിന്നീട് ബേസിലിന്റെ സംവിധാനത്തില്‍ എത്തിയ കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
താന്‍ ചെറുപ്പം മുതല്‍ക്കേ ക്രിക്കറ്റ് കളിയില്‍ സച്ചിന്റെ ഫാനാണെന്നും സിനിമയില്‍ ഒരു മോഹന്‍ലാല്‍ ഫാനായിരുന്നുവെന്നും പറയുകയാണ് താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയിലിന്റെ ഭാഗമായി റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
‘ചെറുപ്പം മുതല്‍ക്കേ ഞാന്‍ ആരുടെ ഡൈ ഹാര്‍ഡ് ഫാനായിരുന്നു എന്ന് ചോദിച്ചാല്‍, ക്രിക്കറ്റ് കളിയില്‍ ഞാന്‍ സച്ചിന്റെ ഫാനാണ്. സിനിമയില്‍ ചെറുപ്പം മുതല്‍ക്കേ ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാനാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.
എങ്ങനെയാണ് സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു. താന്‍ എല്ലാവരോടും കഥ പറയാന്‍ ഇഷ്ടമുള്ള ആളായിരുന്നുവെന്നും ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ ഒരുപാട് ഇഷ്ടമാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എല്ലാവരോടും കഥ പറയാന്‍ ഇഷ്ടമുള്ള ഒരു ആളായിരുന്നു. ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോളേജില്‍ പഠിക്കുമ്പോഴും ജോലി സ്ഥലത്തും ഞാന്‍ എല്ലാവരെയും വിളിച്ച് എന്തെങ്കിലുമൊക്കെ കഥകള്‍ പറയുമായിരുന്നു.
എന്റര്‍ടൈന്‍ ചെയ്യിക്കുകയായിരുന്നു എന്റെ മെയിന്‍ പരിപാടി. പക്ഷെ ഏത് രീതിയില്‍ പോയാലാണ് കൂടുതല്‍ ആളുകളെ എന്റര്‍ടൈന്‍ ചെയ്യാന്‍ സാധിക്കുകയെന്ന് എനിക്ക് അറിയില്ലായിരുന്നു. ആര്‍.ജെ ആകണോ അതോ ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനാകണോ എന്നൊന്നും എനിക്ക് അറിയില്ല.
ചിലപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതാകും എനിക്ക് ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാനുള്ള ഡെസ്റ്റിനി. അതുകൊണ്ടാകും ഞാന്‍ അതിലേക്ക് എത്തപ്പെട്ടത്. അന്ന് എടുത്ത ആ തീരുമാനം ശരിയായിരുന്നുവെന്നും ഇതല്ലാതെ എനിക്ക് മറ്റൊന്നും അറിയില്ലായിരുന്നു എന്നും പിന്നീട് മനസിലായി. വിധിയാണ് എന്നെ സിനിമയില്‍ എത്തിച്ചത്. ബാക്കിയൊക്കെ ഹാര്‍ഡ് വര്‍ക്കാണ്,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph Talks About Mohanlal