സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബേസില്‍ ജോസഫ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമാകരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ വിജയ ചിത്രങ്ങളുടെ സംവിധായകന്‍ കൂടെയാണ് ബേസില്‍.
ഇപ്പോള്‍ തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. മിഥുനുമായി തനിക്ക് ചെറുപ്പം മുതല്‍ക്കേയുള്ള ഒരു ബന്ധമുണ്ടെന്നാണ് നടന്‍ പറയുന്നത്. വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ബേസില്‍.
‘മിഥുന്‍ ചേട്ടനുമായിട്ട് എനിക്ക് ചെറുപ്പം മുതല്‍ക്കേയുള്ള ഒരു ബന്ധമുണ്ട്. അന്നൊക്കെ മിഥുന്‍ ചേട്ടന്‍ മലനാട് എന്ന ഒരു ന്യൂസ് ചാനലിന് വേണ്ടി ന്യൂസ് വായിക്കാറുണ്ടായിരുന്നു. ആ സമയത്ത് കല്‍പ്പറ്റയുള്ള എന്റെ സ്‌കൂളില്‍ ഒരു മുഖാമുഖം പരിപാടി നടക്കുന്നുണ്ടായിരുന്നു. മന്ത്രിയായിരുന്നു ആ പരിപാടിയില്‍ വരുന്നത്.
അതില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരുന്നു. നേരത്തെ സെറ്റ് ചെയ്ത് വെച്ച ചോദ്യങ്ങളായിരുന്നു അതൊക്കെ. അങ്ങനെ സെറ്റ് ചെയ്ത് വെച്ച ചോദ്യങ്ങളൊക്കെ കുട്ടികള്‍ ആദ്യം തന്നെ ചോദിച്ചു. അത് കഴിഞ്ഞ് മന്ത്രി പോകാന്‍ തുടങ്ങി.
ആ സമയത്താണ് ഞാന്‍ എഴുന്നേറ്റ് നിന്ന് ചോദ്യം ചോദിക്കുന്നത്. ‘ഒരു ചോദ്യം എനിക്കും ചോദിക്കണം’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിട്ടാണ് ഞാന്‍ ചോദിക്കുന്നത്. അപ്പോള്‍ മന്ത്രി ‘ഇതെന്ത് പറ്റി ഇങ്ങനെ’ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
അന്ന് ഞാന്‍ ചോദിച്ച ചോദ്യം ‘മന്ത്രിയെ ഞാന്‍ വാര്‍ത്തയിലൊന്നും കണ്ടിട്ടില്ല. വിവാദങ്ങളിലൊന്നും കണ്ടിട്ടില്ല. വിവാദങ്ങളില്‍ പെടാത്തത് മന്ത്രിയുടെ പ്രസ്റ്റീജിനെ ബാധിക്കുന്നില്ലേ?’ എന്നതായിരുന്നു. അത് അന്ന് വൈകുന്നേരം വാര്‍ത്തയില്‍ വായിച്ചത് മിഥുന്‍ ചേട്ടനായിരുന്നു.
‘വിവാദങ്ങളില്‍ പെടാത്തത് മന്ത്രിയുടെ പ്രസ്റ്റീജിനെ ബാധിക്കുന്നില്ലേ? മുഖാമുഖം പരിപാടിയില്‍ ഒരു കൊച്ചു മിടുക്കന്‍ ചോദിച്ചു’ എന്ന് പറഞ്ഞാണ് ചേട്ടന്‍ ആ വാര്‍ത്ത വായിച്ചത്. ഞങ്ങള്‍ തമ്മില്‍ അങ്ങനെ പണ്ടേയുള്ള ഒരു ബന്ധമുണ്ട്,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph Talks About Midhun Manuel Thomas