|

ആ സിനിമയില്‍ ഫഹദിന്റെ കൂടെ അഭിനയിക്കാമെന്നറിഞ്ഞപ്പോള്‍ ഒരു നടനെന്ന നിലയിലെ അംഗീകാരമായി തോന്നി: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്‌പോര്‍ട്‌സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സ്ഥിരമായി കോമഡി വേഷങ്ങള്‍ ചെയ്തുപോന്ന ബേസിലിന്റെ ഇമേജ് ബ്രേക്ക് ചെയ്ത വേഷമായിരുന്നു ജോജി സിനിമയിലെ ഫാദര്‍ കെവിന്‍. ജോജിയില്‍ അഭിനയിച്ചപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ അഭിനന്ദങ്ങള്‍ ലഭിച്ചതെന്ന് ബേസില്‍ ജോസഫ് പറയുന്നു. കോമഡി വേഷങ്ങള്‍ മാത്രം ചെയ്ത് ഇനി അത്തരം വേഷങ്ങള്‍ തന്നെ എക്‌സൈറ്റ് ചെയ്യിക്കില്ല എന്നറിഞ്ഞ സമയത്താണ് ജോജിയിലേക്ക് വിളി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ വളരെ ബഹുമാനിക്കുന്ന എഴുത്തുകാരനും സംവിധായകനാണ് ശ്യാം പുഷ്‌കരനും ദിലീഷ് പോത്തനുമെന്നും കൂടാതെ ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാം എന്നറിഞ്ഞപ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന അംഗീകാരമായി തോന്നിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജോജി എന്ന ചിത്രം ചെയ്തപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അഭിനന്ദങ്ങള്‍ ലഭിക്കുന്നത്. അതിലെ അച്ഛന്‍ വേഷത്തിന്. അതുവരെ കോമഡി സൈഡ് കിക്ക് എന്ന രീതിയില്‍ ഒറ്റ വരിയില്‍ പറയാന്‍ കഴിയുന്ന വേഷങ്ങളാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്.

നായകന്റെ കൂട്ടുകാരന്‍, നായകന്‍ രക്ഷപ്പെട്ടാല്‍ നീയും രക്ഷപ്പെടും, നായകന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ നീയും പ്രശ്നത്തിലാകും എന്ന രീതിയില്‍. കൗണ്ടര്‍ കോമഡികള്‍ അടിക്കുക, അല്ലെങ്കില്‍ വിഷ്വല്‍ ഹ്യൂമര്‍ ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു എനിക്ക് എല്ലാ സീനുകളിലും.

ഒരു സ്റ്റേജ് എത്തിയപ്പോള്‍ ഇത് നമ്മളെ കൂടുതല്‍ എക്സൈറ്റ് ചെയ്യിക്കുന്നില്ല. നമ്മള്‍ നമ്മളെത്തന്നെ കോംപ്രമൈസ് ചെയ്യുന്നു എന്നെല്ലാം തോന്നിത്തുടങ്ങി. മാത്രമല്ല ആളുകളെ ചിരിപ്പിക്കുക എന്നത് വളരെ പ്രഷര്‍ ആണ്.

ചില സംവിധായകരാണെങ്കില്‍ റൈറ്റിങ്ങില്‍ അത്ര ശ്രദ്ധിക്കുകയൊന്നും ഇല്ല. എന്നിട്ട് എന്തെങ്കിലും ചെയ്ത് കളര്‍ ആക്കണമെന്ന് നമ്മളോട് പറയും. അങ്ങനെ വളരെ എക്സോസ്റ്റിങ് ആയി സംവിധായകനായി മാത്രം പോകാം എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ജോജിയിലേക്ക് വിളി വരുന്നത്.

ഞാന്‍ വളരെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് ശ്യാം പുഷ്‌ക്കരന്‍. അതുപോലതന്നെ എനിക്ക് ഒരുപാട് ഇഷ്ടമുള്ള സംവിധായകനാണ് ദിലീഷ് പോത്തന്‍. കൂടാതെ ഫഫയുടെ കൂടെ അഭിനയിക്കുകയും ചെയ്യാം എന്നറിഞ്ഞപ്പോള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് കിട്ടുന്ന ഒരു അംഗീകാരം പോലെയാണ് തോന്നിയത്,’ ബേസില്‍ ജോസഫ് പറയുന്നു.

Content highlight: Basil Joseph talks about Joji movie