കുഞ്ഞിരാമായണം പോലൊരു സിനിമക്ക് പകരം അവന്‍ ചെയ്യുന്നത് ആ ടൊവിനോ ചിത്രം; എനിക്ക് പേടിയുണ്ട്: ബേസില്‍
Entertainment
കുഞ്ഞിരാമായണം പോലൊരു സിനിമക്ക് പകരം അവന്‍ ചെയ്യുന്നത് ആ ടൊവിനോ ചിത്രം; എനിക്ക് പേടിയുണ്ട്: ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th August 2024, 1:41 pm

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് എ.ആര്‍.എം. അഥവാ ‘അജയന്റെ രണ്ടാം മോഷണം’. ടൊവിനോ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എ.ആര്‍.എം. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്നറായ അജയന്റെ രണ്ടാം മോഷണം ഓണത്തിനാണ് റിലീസിന് എത്തുന്നത്. ചിത്രത്തിന്റെ സംവിധായകനായ ജിതിന്‍ ലാല്‍ നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ സുഹൃത്താണ്.

ഒപ്പം ബേസിലിന്റെ കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സിനിമകളില്‍ ജിതിന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ജിതിന്‍ ലാലിനെ കുറിച്ചും അജയന്റെ രണ്ടാം മോഷണത്തെ കുറിച്ചും പറയുകയാണ് ബേസില്‍ ജോസഫ്.

തങ്ങള്‍ ഒരുമിച്ചാണ് സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ ബേസില്‍ ജിതിന്‍ ആദ്യം തന്നെ ഇത്രയും വലിയ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് കേട്ടതും തനിക്ക് സംശയവും പേടിയും തോന്നിയെന്നും കൂട്ടിച്ചേര്‍ത്തു. എ.ആര്‍.എമ്മിന്റെ ലോഞ്ചിങ്ങിനിടെ സംസാരിക്കുകയായിരുന്നു ബേസില്‍.

‘എന്റെ ആദ്യത്തെ ഷോര്‍ട്ട്ഫിലിമില്‍ അവന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അത് കഴിഞ്ഞ് എന്റെ ആദ്യ സിനിമയായ കുഞ്ഞിരാമായണത്തിലും ജിതിന്‍ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നെ ഗോദ എന്ന സിനിമയിലും ജിതിന്‍ ഉണ്ടായിരുന്നു. എന്റെ കൂടെ സിനിമകളിലൂടെ ഒരുപാട് യാത്ര ചെയ്ത ആളാണ് അവന്‍.

ഞങ്ങള്‍ ഒരുമിച്ചാണ് സിനിമയിലേക്ക് വരുന്നത്. ജിതിന്റെ ആദ്യ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. അവന്‍ ആദ്യം തന്നെ ഇത്രയും വലിയ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞു. അത് കേട്ടതും എനിക്ക് സംശയവും പേടിയുമായി. അവനോട് ഞാന്‍ പല തവണയായി പറഞ്ഞ ഒരു കാര്യമുണ്ട്.

ആദ്യത്തെ സിനിമ എളുപ്പത്തില്‍ ചെറിയ ബജറ്റില്‍ ഫാമിലിക്ക് ഇരുന്ന് കാണാന്‍ പറ്റുന്നത് ചെയ്യണം. അത് കുഞ്ഞിരാമായണം പോലെയുള്ള കുഞ്ഞു സിനിമയാണെങ്കില്‍ നല്ലതാണ്. എന്നിട്ട് കുറച്ച് വലിയ സിനിമയെടുക്കാം. അങ്ങനെ മെല്ലെ മെല്ലെ വലിയ സിനിമ ചെയ്യുന്നതാകും നല്ലതെന്ന് ഞാന്‍ പറഞ്ഞു.

നമുക്ക് സേഫായി മുന്നോട്ട് പോകാനും ആളുകളെ കണ്‍വീന്‍സ് ചെയ്യാനും അതാണ് എളുപ്പം. അങ്ങനെയൊക്കെ പറഞ്ഞിട്ടും അവന്‍ ആദ്യം തന്നെ അജയന്റെ രണ്ടാം മോഷണമാണ് ചെയ്യാനിറങ്ങി തിരിച്ചത്. അത് കേട്ടതും എനിക്ക് ചങ്കിടിപ്പായിരുന്നു,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About Jithin Lal