വിനീത് ശ്രീനിവാസന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ചയാളാണ് ബേസില്‍ ജോസഫ്. കുഞ്ഞിരാമായണത്തിലൂടെ സ്വതന്ത്രസംവിധായകനായ ബേസില്‍ പിന്നീട് ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടാനും ബേസിലിന് സാധിച്ചു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ആരുടെയൊക്കെ കൂടെ നായകനായി അഭിനയിക്കാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബേസില്‍ ജോസഫ്. തനിക്ക് വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുള്ളത് ആലിയ ഭട്ടിന്റെയും ദീപിക പദുക്കോണിന്റെയും കൂടെയാണെന്നും ഹോളിവുഡില്‍ നിന്നാണെങ്കില്‍ എമ്മ വാട്സന്റെ കൂടെയെന്നും ബേസില്‍ പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
‘എനിക്ക് വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം ആലിയ ഭട്ട്, ദീപിക പദുകോണ്‍ എന്നിവരുടെ കൂടെയാണ്. അവര്‍ എന്റെ നായികായായാല് കൊള്ളാമെന്നുണ്ട്. ഹോളിവുഡില്‍ നിന്നാണെങ്കില്‍ എമ്മ വാട്സണ് എന്റെ നായികയായാലും നന്നായിരിക്കും(ചിരി),’ ബേസില്‍ ജോസഫ് പറയുന്നു.
നസ്രിയയെ കുറിച്ചും ബേസില്‍ സംസാരിച്ചു. തനിക്കും നസ്രിയയ്ക്കും ഒരേ സ്വഭാവം ആണെന്നും ബേസില്‍ പറയുന്നു.
‘പടത്തില്‍ നിറയെ കോമഡി അല്ലെങ്കിലും ഷൂട്ടിങ് സമയം മുഴുവന്‍ തമാശയായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്വഭാവത്തില്‍ ഒരുപാട് സാമ്യതകളുണ്ട്. കൂട്ടം കൂടുമ്പോള്‍ അതിനു നടുവില്‍ ഇരിക്കുന്നവരുണ്ടാകില്ലേ? ഓരോ തള്ളു കഥയൊക്കെ പറഞ്ഞ്, പഴയ കഥകളും തമാശക്കഥകളും പറഞ്ഞ്, എല്ലാവരെയും ചിരിപ്പിക്കുന്നവര്‍. ഞങ്ങള്‍ ലൊക്കേഷനില്‍ അങ്ങനെയുള്ള ആളുകളാണ്,’ ബേസില്‍ ജോസഫ് പറയുന്നു.
ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
Content Highlight: Basil Joseph Talks About His Wish List Of Actresses To Work With