ഒരു തുണ്ട് പടം ചെയ്തത് 21ാം വയസില്‍; കൂടുതലൊന്നും ആലോചിച്ചിരുന്നില്ല: ബേസില്‍ ജോസഫ്
Entertainment
ഒരു തുണ്ട് പടം ചെയ്തത് 21ാം വയസില്‍; കൂടുതലൊന്നും ആലോചിച്ചിരുന്നില്ല: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th October 2024, 1:32 pm

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തന്റെ കഴിവ് തെളിയിക്കാന്‍ ബേസിലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന സിനിമയിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 2015ല്‍ റിലീസായ കുഞ്ഞിരാമായണമാണ് ബേസില്‍ ആദ്യമായി സംവിധാനം ചെയ്ത മുഴുനീള ചിത്രം.

വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയാകുന്നതിന് മുന്‍പ് പ്രിയംവദ കാതരയാണോ?, ഒരു തുണ്ട് പടം തുടങ്ങിയ ഷോര്‍ട് ഫിലിമുകള്‍ ബേസില്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഈ രണ്ട് പടങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

‘ഒരു തുണ്ട് പടം’ എന്ന ഷോര്‍ട് ഫിലിമിനെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ആ ഷോര്‍ട് ഫിലിം ചെയ്യുമ്പോള്‍ തനിക്ക് 21 വയസ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളുവെന്ന് ബേസില്‍ പറയുന്നു. ഒരു ഷോര്‍ട് ഫിലിം ചെയ്യുക എന്നതിലുപരി അപ്പോള്‍ ഒന്നും ആലോച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരും ഫണ്‍ ആയിട്ടായിരുന്നു ആ ഷോര്‍ട് ഫിലിമിനെ കണ്ടതെന്നും കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ബേസില്‍ പറയുന്നു. തന്റെ അച്ഛന്‍ എല്ലാവരോടും അവന്‍ ഒരു ഷോര്‍ട് ഫിലിം ചെയ്തിട്ടുണ്ടെന്ന് പറയുമായിരുന്നെങ്കിലും ഷോര്‍ട് ഫിലിമിന്റെ പേര് പറയാറില്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. നേരെ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കന്ന് 21 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോള്‍ കൂടതലൊന്നും ഞാന്‍ ആലോചിച്ചില്ല. ഒരു ഷോട്ട് ഫിലിം, ‘ഒരു തുണ്ട് പടം’, അത് മാത്രമേ ഞാന്‍ ആലോചിച്ചിരുന്നൊള്ളു. അങ്ങനെ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

എല്ലാവരും ഫണ്‍ ആയിട്ട് തന്നെയായിരുന്നു അതിനെ എടുത്തത്. സീരിയസ് ആയിട്ടൊന്നും ആരും എടുത്തിട്ടില്ല. വീട്ടില്‍ പോലും അച്ഛന്‍ കുഴപ്പമൊന്നും ഉണ്ടാക്കിയില്ല. അവന്‍ ഒരു ഷോര്‍ട് ഫിലിം എടുത്തു എന്ന് മാത്രമേ അദ്ദേഹം എല്ലാവരോടും പറയാറുള്ളൂ. ഷോര്‍ട് ഫിലിമിന്റെ പേര് പറഞ്ഞിട്ടില്ല,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About His Short Film