ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍ മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കോമഡി റോളുകളില്‍ നിന്നും സമീപകാലത്താണ് പ്രാധാന്യമുള്ള കഥാപാത്രങ്ങളും നായകനായുള്ള കഥാപാത്രങ്ങളും ബേസില്‍ ചെയ്തുതുടങ്ങിയത്.
ചെറിയ കഥാപാത്രങ്ങളില്‍ നിന്നും നായകനായപ്പോള്‍ സംഭവിച്ച ഷിഫ്റ്റിനെ പറ്റി സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ഡൂള്‍ന്യൂസിനായി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തിലാണ് തന്റെ ആക്ടിങ് കരിയറിനെ പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ബേസില്‍ തുറന്ന് പറഞ്ഞത്.
‘നായകനായതുകൊണ്ട് ഇപ്പോള്‍ നമ്മളാണ് മുന്നില്‍ നില്‍ക്കേണ്ടത്. പ്രൊമോഷനാണെങ്കിലും ഓണ്‍ലൈന്‍ സ്പേസിലാണെങ്കിലും എല്ലാ കാര്യത്തിലും നമ്മളുടെ പ്രസന്‍സ് വേണം. നമ്മളാണ് മുമ്പോട്ട് കൊണ്ടുപോകേണ്ടത്. കൂടെ വേറെ സിനിമകള്‍ ഇറങ്ങുന്നുണ്ട്. അതിനൊപ്പം ഇതുകൂടി കാണുകയാണെങ്കില്‍ നന്നായിരുന്നു. ആക്ടര്‍ എന്ന നിലയില്‍ കുറച്ച് കൂടി മെച്ചപ്പെടുത്താന്‍ നോക്കുന്നുണ്ട്. മുമ്പുള്ളതിനെക്കാള്‍ എഫേര്‍ട്ട് ഇടുന്നുണ്ട്.
മുമ്പ് ഒറ്റവരി കഥാപാത്രങ്ങളായിരുന്നല്ലോ. ഇപ്പോള്‍ ആഴത്തിലുള്ള കഥാപാത്രങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ അത് ചെയ്യുന്നതിനുള്ള എക്സൈറ്റ്മെന്റ് കൂടി. ആക്ടര്‍ എന്ന രീതിയില്‍ ആ പ്രോസസ് കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ തുടങ്ങി. സപ്പോര്‍ട്ടിങ് റോള്‍ ചെയ്യുമ്പോള്‍ കൗണ്ടര്‍ ഡയലോഗുകളും തമാശകളും ബോഡി ലാഗ്വേജ് ഉപയോഗിച്ചിട്ടുള്ള കോമഡികളും ഒക്കെ ചെയ്യുക എന്നുള്ളതായിരുന്നു രീതി. ഇപ്പോള്‍ കുറെക്കൂടി ഇന്റന്‍സായിട്ടുള്ള സിറ്റുവേഷന്‍സും കഥാഗതിയെ നയിക്കുന്ന ക്യാരക്റ്റേഴ്സും ഉള്ള രീതി വേറെ ഒരു രീതിയില്‍ എന്‍ജോയ് ചെയ്യുന്നുണ്ട്,’ ബേസില്‍ പറഞ്ഞു.
‘ജോജിയൊക്കെ വന്നതിന് ശേഷമാണ് ആക്ടര്‍ എന്ന നിലയില്‍ സീരിയസായി ആലോചിക്കാന്‍ തുടങ്ങിയതും ഡിയര്‍ ഫ്രണ്ട്, ആണും പെണ്ണും പോലെയുള്ള സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നതും. ഡിയര്‍ ഫ്രണ്ടിന് മുമ്പാണ് ജാന്‍ എ മന്‍ സംഭവിച്ചത്. മെല്ലെ മെല്ലെ അത് പാല്‍തു ജാന്‍വറിലേക്ക് എത്തി. ആ ഇവോള്‍വ്മെന്റ് സംഭവിക്കുന്നുണ്ട് എന്ന് കണ്ടപ്പോള്‍ ഞാനും ശ്രദ്ധിക്കാന്‍ തുടങ്ങി. അടുത്തത് എന്ത് ചെയ്യണമെന്ന് പ്ലാനിങ് തുടങ്ങി. ഇപ്പോള്‍ കുറച്ച് കൂടി റെസ്പോണ്‍സിബിലിറ്റി വന്നു. സംവിധാനം അതിനൊപ്പം കൊണ്ടുപോകാന്‍ പറ്റുന്നില്ല. എഴുത്ത് പാരലലായി നടക്കുന്നുണ്ടായിരിക്കാം. പക്ഷേ എനിക്ക് പൂര്‍ണമായ ഒരു ഇന്‍വോള്‍വ്മെന്റ് ഇപ്പോഴത്തെ സ്പേസിലില്ല.
ഇനി സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അഭിനയിക്കുന്നത് പൂര്‍ണമായും നിര്‍ത്തി അതിലേക്ക് ഇരിക്കണം. ടൈം മാനേജ്മെന്റൊക്കെ കുറച്ച് കൂടി സ്ട്രെസ്ഫുള്ളായി. ആക്റ്റര്‍ എന്ന നിലയില്‍ നമ്മുടെ മുഖവും നമ്മളെ വിശ്വസിച്ച് കഥകള്‍ എഴുതുന്ന എഴുത്തുകാരും സംവിധായകരും പ്രൊഡ്യൂസേഴ്സും വന്നപ്പോള്‍ പഴയത് പോലെ രണ്ട് ജോലിയും ഒരുപോലെ ചെയ്യുക എന്ന് പറയുന്നത് ബുദ്ധിമുട്ടായി. ഒരു സമയം ഒരെണ്ണത്തില്‍ തന്നെ പ്രയോറിറ്റി കൊടുക്കുക, മറ്റേത് സമയമാവുമ്പോള്‍ തുടങ്ങാം എന്ന് രീതിയിലായി. അഭിനയവും സംവിധാനവും തുല്യപ്രാധാന്യത്തോടെയാണ് കാണുന്നത്,’ ബേസില്‍ കൂട്ടിച്ചേര്‍ത്തു.
അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Content Highlight: Basil Joseph talks about his shift from minor characters to leading roles