അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുണ്ടാക്കിയ സ്വാധീനത്തെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്. ഹോലിം മീല്‍സ്, ജോജി, ന്നാ താന്‍ കേസ് കൊട്, പാല്‍തൂ ജാന്‍വര്‍, ജാന്‍ എ മന്‍, ജയ ജയ ജയ ജയഹേ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പറ്റിയാണ് ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞത്.
‘ഹോംലി മീല്‍സിലെ എഡിറ്റര്‍ കഥാപാത്രം ചെയ്തുകഴിഞ്ഞാണ് സംവിധായകന്‍ അനൂപ് കണ്ണന്‍ നിനക്ക് അഭിനയിക്കാന്‍ പറ്റുമെന്ന് പറഞ്ഞത്. അത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.
ടൈപ്പ് കാസ്റ്റഡ് ഹ്യൂമര്‍ കഥാപാത്രങ്ങളാണ് ആ സമയം കൂടുതല്‍ ചെയ്തുകൊണ്ടിരുന്നത്. എന്നെക്കൊണ്ട് വേറെയും കഥാപാത്രങ്ങള്‍ ചെയ്യിക്കാന്‍ പറ്റുമെന്ന് സംവിധായകര്‍ക്ക് തോന്നിയത് ജോജിയിലെ അച്ഛന്‍ കഥാപാത്രം വന്നതിന് ശേഷമാണ്. കരിയറില്‍ വലിയൊരു മാറ്റം തന്നത് ജോജിയിലെ കഥാപാത്രം തന്നെയാണ്. അതിന് ശേഷമാണ് പല തരത്തിലുള്ള റോളുകള്‍ വരാന്‍ തുടങ്ങിയത്.
ന്നാ താന്‍ കേസ് കൊടിലെ ജഡ്ജ് രതീഷേട്ടന്‍ ആള്‍ക്കാരെ സൈക്കോളജിക്കലി ട്രിക്ക് ചെയ്യുന്ന ക്യാരക്റ്ററാണ്. ഞാന്‍ ഇട്ടാല്‍ ഒരിക്കലും ചേരാത്ത വേഷമാണ് ജഡ്ജ്. പെട്ടെന്ന് എന്നെ കാണുമ്പോള്‍ അനുകൂലമായ വിധി ആയിരിക്കും വരാന്‍ പോകുന്നത് എന്നൊരു തോന്നലുണ്ടാവും. എന്നാല്‍ ഞാന്‍ വന്ന് സീരിയസായി അവിടെ ഇരിക്ക് എന്ന് പറയുമ്പോള്‍ അതെങ്ങനെ ശരിയാവും എന്ന് പ്രേക്ഷകര്‍ ചിന്തിക്കും. അവസാനം അനുകൂലമായ വിധി തന്നെയാണ് ജഡ്ജ് പറയുന്നത്. കാസ്റ്റിങ് വെച്ച് ഒന്ന് വഴിത്തെറ്റിച്ച് വിട്ടിട്ട് പിന്നെ പ്രതീക്ഷിച്ച സ്ഥലത്തേക്ക് തന്നെ കൊണ്ടുവരുന്ന സംഭവമാണ്.
ജോജി ചെയ്ത ടീമിന്റെ കൂടെ വീണ്ടും ഒന്നിച്ചതാണ് പാല്‍തു ജാന്‍വറില്‍. അവരുടെ കൂടെ വര്‍ക്ക് ചെയ്യുന്നത് ഭയങ്കര ലേണിങ്ങാണ്. അതുപോലെയാണ് ദിലീഷേട്ടന്‍, ശ്യാമേട്ടന്‍, സംവിധായകന്‍ സംഗീത്, മൊത്തത്തില്‍ ആ ക്രൂ എനിക്ക് ഒരു ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നു. ക്ലൈമാക്‌സ് ചെയ്യുമ്പോള്‍ ആക്ടര്‍ എന്ന രീതിയില്‍ കുറേ കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ടായിരുന്നു.
ജാന്‍ എ മന്‍ ഇത്രയും സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷിച്ചില്ല. കൊവിഡ് സമയത്ത് ചെയ്യുന്ന ചെറിയ സിനിമ എന്ന നിലയിലാണ് ചെയ്തത്. പക്ഷേ ഡയറക്ടര്‍ ചിദംബരത്തിന്റേയും ഗണപതിയുടേയും കണ്‍വിക്ഷനായിരുന്നു ആ ചിത്രത്തിന്റെ വിജയം. പാല്‍തു ജാന്‍വറും ജയഹേയുടേയും കഥ കേള്‍ക്കുമ്പോള്‍ ഇത് ഓടുമെന്ന് ഒരു എക്‌സ്‌പെക്‌റ്റേഷനുണ്ടായിരുന്നു. ജാന്‍ എ മന്‍ കഥയില്‍ ഒരു ഐഡിയ ഉണ്ട്, എക്‌സൈറ്റിങ്ങാണ്. എങ്കിലും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആളുകള്‍ക്ക് ബോറടിക്കുമെന്ന് വിചാരിച്ചു. പക്ഷേ ഓരോ സീന്‍ കഴിയുമ്പോള്‍ ആളുകളെ സര്‍പ്രൈസ് ചെയ്യിപ്പിച്ചിടത്താണ് ആ സിനിമയുടെ വിജയം. ഞാന്‍ വിചാരിച്ചതിനെക്കാളും അത് സര്‍പ്രൈസിങ്ങായി. ഞാന്‍ പ്രതീക്ഷിക്കാതെ വന്ന വിജയമായിരുന്നു. എന്റെ കുറേ പേഴ്‌സണല്‍ ട്രെയ്റ്റ്‌സ് ജോയ് മോനുണ്ട്. സിനിമ കണ്ടിട്ട് ഇത് നീ തന്നെയാണല്ലോ എന്നാണ് കൂട്ടുകാര്‍ പറഞ്ഞത്.
ഏറ്റവും കൂടുതല്‍ അഭിനന്ദനം കിട്ടിയത് ജയ ജയ ജയ ജയഹേക്കാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ മെസേജയക്കുകയും വലിയ ആക്ടേഴ്സ് അഭിപ്രായം പറയുകയും ചെയ്തത് ജയഹേക്കാണ്. കേരളത്തിന് പുറത്തേക്കും ആ സിനിമക്ക് റീച്ച് കിട്ടി. ഒരുപാട് ആളുകള്‍ ആ സിനിമ കാണുകയും ഡിസ്‌കസ് ചെയ്യുകയും ചെയ്തു,’ ബേസില്‍ പറഞ്ഞു.
Content Highlight: basil joseph talks about his characters