Advertisement
Entertainment
ആ നടി എന്ത് പൊട്ടത്തരം കാണിച്ചായാലും മറ്റുള്ളവരെ ചിരിപ്പിക്കും; പീപ്പിള്‍ പ്ലീസറാണ്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 02, 08:45 am
Thursday, 2nd January 2025, 2:15 pm

തന്റെ സ്വഭാവത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. തന്റെ ക്യാരക്ടറില്‍ കുട്ടിക്കളി ഉണ്ടെന്നും പക്വത കാണിക്കാന്‍ ശ്രമിച്ചാലും നടക്കില്ലെന്ന് ബേസില്‍ പറയുന്നു. നസ്രിയ, ടൊവിനോ, ധ്യാന്‍, സഞ്ജു തുടങ്ങിയ തന്റെ സുഹൃത്തുക്കളിലും കുസൃതിക്കുട്ടിയുണ്ടെന്നും ഒന്നിച്ച് കൂടുമ്പോള്‍ അത് പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു പീപ്പിള്‍ പ്ലീസറാണെന്നും എന്ത് പൊട്ടത്തരം കാണിച്ചിട്ടായാലും മറ്റുള്ളവരെ ചിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബേസില്‍ പറയുന്നു. നസ്രിയയും ഇതേപോലെ ആണെന്നും ബേസില്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

വളരെ ആഴത്തിലുള്ള സൗഹ്യദത്തെക്കാളും പിള്ളേരുകളിയാണ് കൂടുതലും. അടിസ്ഥാനപരമായി എന്റെ ക്യാരക്ടറില്‍ കുട്ടിക്കളിയുണ്ട്. പക്വത കാണിക്കാന്‍ ശ്രമിച്ചാലും നടക്കില്ല, പാളിപ്പോവും. എന്നെക്കൊണ്ട് അതിന് പറ്റുമെന്ന് തോന്നുന്നില്ല. അതിപ്പോള്‍ കൊച്ചിനെ വളര്‍ത്തുന്ന കാര്യത്തിലാണെങ്കിലും. എന്റെ ഭാര്യ എലിസബത്ത് പറയാറുണ്ട്, ഇതിലിപ്പോ ഏതാ കൊച്ച് എന്ന്.

അതുപോലെ നസ്രിയയിലും ടോവിനോയിലും ധ്യാനിലും സഞ്ജുവിലുമൊക്കെ, ഉള്ളില്‍ ഒരു കുസൃതിക്കുട്ടിയുണ്ട്. ഞാന്‍ കൂടെയുണ്ടാവുമ്പോള്‍ അവരുടെ കുട്ടിത്തം പുറത്തെടുക്കാന്‍ പറ്റാറുണ്ട്. അതുകൊണ്ടുകൂടിയാണ് ഒരുമിച്ച് കൂടുമ്പോള്‍ തമാശകള്‍ വര്‍ക്കാവുന്നത്. അവരൊക്കെ ടെന്‍ഷനടിച്ചിട്ട് നടക്കുന്ന സമയത്ത് ചിലപ്പോള്‍ എന്റെ സാമീപ്യം കുറച്ചു കൂടെ ആശ്വാസമോ സന്തോഷമോ നല്‍കുന്നുണ്ടാവാം.

വളരെ സ്വസ്ഥമായി ജീവിക്കാന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍. പീപ്പിള്‍ പ്ലീസറാണ്. പത്താളുകള്‍ കൂടുന്നിടത്ത് അതിന് നടുവിലിരുന്ന് തള്ള് കഥ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഒരുപാടിഷ്ടമാണ്. അങ്ങനെ ചെയ്യുന്നത് എന്റെ ഉത്തരവാദിത്വമായി പലപ്പോഴും തോന്നാറുണ്ട്. എന്റെ ജീന്‍ ഘടന അങ്ങനെയാണെന്ന് തോന്നുന്നു.

സംവിധാനംചെയ്യുമ്പോള്‍ ഇടയ്ക്ക് ബുദ്ധിമുട്ടാറുണ്ട്. കുഞ്ഞിരാമായണം പോലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ സമ്മര്‍ദം കുറവാണ്. പക്ഷേ, ഓരോ സിനിമ കഴിയുമ്പോഴും ബജറ്റിനെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ആലോചിക്കുമ്പോള്‍ സമ്മര്‍ദമുണ്ടാകും. വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ അങ്ങനെ സംഭവിക്കുള്ളൂ എന്നുമാത്രം. പിന്നെ, എപ്പോഴും ചിരിച്ചുകൊണ്ടിരിക്കാന്‍ പറ്റില്ലല്ലോ.

പ്രശ്നങ്ങളെ ചിരിച്ചു കൊണ്ട് നേരിടാന്‍ മാത്രമുള്ള പക്വത എനിക്കായിട്ടില്ല. തീര്‍ച്ചയായും ഒരു എണ്‍പത് ശതമാനത്തിലധികവും ഇങ്ങനെ കൂളായി പോവണമെന്നതാണ് ആഗ്രഹം. പണ്ടുമുതലേ ഞാനിങ്ങനെയാണ്. എന്ത് പൊട്ടത്തരം കാണിച്ചിട്ടായാലും മറ്റുള്ളവരെ ചിരിപ്പിക്കുക, അല്ലെങ്കില്‍ നാല് തള്ള് കഥ പറയുക എന്നതാണ് എന്റെ സന്തോഷം. നസ്രിയയിലും ഈ സ്വഭാവമുണ്ട്,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About His Character and Friendship With Nazriya Nazim