ജീത്തു ജോസഫും ബേസിലും ആദ്യമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി ‘. കെ.ആര്‍. കൃഷ്ണകുമാര്‍ തിരക്കഥ ഒരുക്കിയ നുണക്കുഴി ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറില്‍പ്പെട്ട ചിത്രമാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ സംവിധായകന്‍ ജീത്തു ജോസഫും യുവനായകന്മാരില്‍ ശ്രദ്ധേയനായ ബേസില്‍ ജോസഫും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.
സിദിഖ്, മനോജ് കെ. ജയന്‍, ബൈജു സന്തോഷ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയ താരനിര ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഗ്രേസ് ആന്റണിയാണ്. ഇപ്പോള്‍ ഗ്രേസ് ആന്റണിയെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിട്ടുള്ള കോമ്പോ ആദ്യമായിട്ടാണ് വരുന്നത്. അത് വളരെ നന്നായിരുന്നു. മുമ്പ് ഗ്രേസുമായി കോമ്പിനേഷന്‍ വരുന്ന ചില പ്രൊജക്ടുകള്‍ എനിക്ക് വന്നിരുന്നു. പക്ഷെ അതൊന്നും നടക്കാതെ പോകുകയായിരുന്നു. ഇവിടെ പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും ഹ്യൂമറ് ചെയ്യുന്ന നായികമാര്‍ കുറവാണല്ലോ. പണ്ട് കല്‍പന ചേച്ചിയും ഉര്‍വശി ചേച്ചിയുമൊക്കെ ഉണ്ടായിരുന്നു.
ഹ്യൂമര്‍ സബ്‌ജെക്റ്റുകള്‍ വരുമ്പോള്‍ നായികയായി ആരെ കാസ്റ്റ് ചെയ്യുമെന്ന ചോദ്യമുണ്ടായിരുന്നു. അവിടെ പലപ്പോഴും ഓപ്ഷനില്‍ ഗ്രേസ് വന്നിട്ടുണ്ട്. പക്ഷെ ആ പ്രൊജക്ടുകളൊന്നും പിന്നീട് വന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ ഒരുമിക്കാന്‍ നുണക്കുഴി വേണ്ടിവന്നു. കനകം കാമിനി കലഹവും കുമ്പളങ്ങി നൈറ്റ്‌സും റോഷാക്കും പോലെയുള്ള സിനിമകളില്‍ നമ്മള്‍ പല തരത്തിലുള്ള ഗ്രേസിനെ കണ്ടിട്ടുണ്ട്.
ഹ്യൂമറാണെങ്കിലും സീരിയസായ കഥാപാത്രങ്ങളാണെങ്കിലും വളരെ നീറ്റായി ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. പിന്നെ ആളുകളെ വളരെ ഒബ്‌സേര്‍വ് ചെയ്യുന്ന ഒരു വ്യക്തിയാണ് ഗ്രേസ്. അത് ആളുടെ പെര്‍ഫോമന്‍സിലും കാണാന്‍ കഴിയും. ഒരു സീന്‍ ചെയ്യുന്നതിന്റെ ഇടയില്‍ ചിലപ്പോള്‍ ചെറിയ റിയാക്ഷന്‍സൊക്കെ കൈയ്യില്‍ നിന്നിടാന്‍ ഗ്രേസിന് സാധിക്കാറുണ്ട്. നുണക്കുഴിയില്‍ അങ്ങനെയുള്ള കുറേ സിറ്റുവേഷന്‍സുണ്ട്,’ ബേസില്‍ ജോസഫ് പറഞ്ഞു.
Content Highlight: Basil Joseph Talks About Grace Antony And Comedy Movies