| Friday, 9th August 2024, 9:05 am

ഇന്ന് നന്നായി ഹ്യൂമര്‍ ചെയ്യുന്ന നായിക അവരാണ്; ആ സിനിമയില്‍ എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റ് തോന്നി: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്ന ടാഗ് ലൈനോടെ സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി എത്തിയ ഏറ്റവും പുതിയ സീരീസായിരുന്നു ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’. 2016ല്‍ പുറത്തിറങ്ങിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കറാണ് ഈ വെബ് സീരീസ് ഒരുക്കിയത്. ഇതില്‍ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നായികയാണ് ഗ്രേസ് ആന്റണി. ലില്ലിക്കുട്ടി എന്ന കഥാപാത്രമായാണ് താരം എത്തിയത്.

ഇപ്പോള്‍ ഗ്രേസ് ആന്റണിയെ കുറിച്ച് പറയുകയാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. നാഗേന്ദ്രന്‍സ് ഹണിമൂണ്‍സിലെ ഗ്രേസ് ആന്റണിയുടെ സീനുകള്‍ കാണാന്‍ നല്ല രസമായിരുന്നുവെന്നും ഗ്രേസ് എങ്ങനെയുള്ള കഥാപാത്രം കിട്ടിയാലും സ്വന്തം ഐഡന്റിറ്റിയില്‍ ചെയ്യുമെന്നും ബേസില്‍ പറയുന്നു. ഈയിടെ വന്ന നായികമാരില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത് ഗ്രേസാണെന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നും ബേസില്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ നുണക്കുഴിയുടെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സിലെ ഗ്രേസിന്റെ ആ കഥാപാത്രത്തിന്റെ സീനുകള്‍ കാണാന്‍ നല്ല രസമായിരുന്നു. ഗ്രേസ് എങ്ങനെയുള്ള കഥാപാത്രം കിട്ടിയാലും സ്വന്തം ഐഡന്റിറ്റിയില്‍ അത് ചെയ്‌തോളും. ആദ്യം മുതലേയുള്ള സിനിമകളില്‍ അത് നന്നായി എനിക്ക് ഫീല് ചെയ്തിട്ടുണ്ട്. ഈയിടെ വന്ന ആക്ട്രസുമാരില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത് ഗ്രേസ് ആണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. റോഷാക്കിലെ പോലെയുള്ള സീരീയസായ റോളുകളും ചെയ്യാന്‍ ഗ്രേസിന് സാധിക്കും.

കുമ്പളങ്ങി നൈറ്റ്‌സ് പോലെയുള്ള സിനിമകളിലെ റോളുകളും ഗ്രേസിന് ഭംഗിയായി ചെയ്യാന്‍ സാധിച്ചിരുന്നു. ഹ്യൂമര്‍ ചെയ്യുമ്പോള്‍ വളരെ ലൗഡാകേണ്ടയിടത്ത് അങ്ങനെയാകും, അതേസമയം സട്ടില്‍ ആയിട്ട് ഹ്യൂമര്‍ ചെയ്യണമെങ്കില്‍ അതും ഗ്രേസ് ചെയ്യുന്നുണ്ട്. എല്ലാം കൈകാര്യം ചെയ്യാന്‍ പറ്റുന്ന ആക്ട്രസാണ് ഗ്രേസ്. ഫീഡ്ബാക്കിന് അനുസരിച്ച് പെട്ടെന്ന് കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനൊക്കെ പറ്റുന്ന ആക്ട്രസാണ് അവര്‍. നുണക്കുഴിയില്‍ വളരെ രസകരമായ രീതിയിലാണ് ഗ്രേസ് അത് ചെയ്തിട്ടുള്ളത്.

ഗ്രേസ് ആ കഥാപാത്രം ചെയ്തു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റ് തോന്നി. കാരണം അത്രയും സ്‌കോപ്പുള്ള കഥാപാത്രമാണ് നുണക്കുഴിയില്‍ ഉള്ളത്. കുറേ നിന്നിങ്ങനെ പെര്‍ഫോം ചെയ്യാനുണ്ടാകും. ഒരു സെറ്റപ്പില്‍ 15 മിനിറ്റ് നിന്നിട്ടുള്ള സീനൊക്കെ ഉണ്ടായിരുന്നു. വലിയ എനര്‍ജി ലെവല്‍ മെയിന്റൈന്‍ ചെയ്ത് ഹ്യൂമറിന്റെ ലെവല്‍ ഒട്ടും താഴേക്ക് പോകാതെ വേണം ആ സീന്‍ ചെയ്യാന്‍. അത് ഗ്രേസ് ചെയ്യുന്നു എന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.


Content Highlight: Basil Joseph Talks About Grace Antony

We use cookies to give you the best possible experience. Learn more