നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണ് ‘ഫാലിമി’.
ഒത്തിണക്കമില്ലാതെ സദാസമയവും കലഹിക്കുന്ന അഞ്ചംഗ കുടുംബം കാശിയിലേക്ക് പോകുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. രാജസ്ഥാനില്‍ വെച്ച് സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ക്രിക്കറ്റ് കളിച്ചതിനെ പറ്റി പറയുകയാണ് ബേസില്‍ ജോസഫ്.
മുമ്പ് ബേസില്‍ സഞ്ജു സാംസണിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. ‘ഫാലിമി’യുടെ രാജസ്ഥാനിലെ സെറ്റില്‍ ക്രിക്കറ്റ് കളി ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബേസില്‍.
‘ഫാലിമി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഇതിനിടയിലാണ് അവതാരകന്‍ ക്രിക്കറ്റിനെ പറ്റി ചോദിച്ചത്.
‘ഇത്തവണ ക്രിക്കറ്റ് ഇല്ലായിരുന്നു. ഷൂട്ടിങ്ങ് രാജസ്ഥാനില്‍ ആയത് കൊണ്ട് സെറ്റില്‍ ക്രിക്കറ്റ് കളിക്കാനുള്ള അവസരം കിട്ടിയിരുന്നില്ല. അല്ല, അതിനിടയില്‍ ഒരു ദിവസം ക്രിക്കറ്റ് കളിച്ചിരുന്നു.
സിനിമയുടെ ലൊക്കേഷന്‍ രാജസ്ഥാന്‍ ആണല്ലോ. അവിടെയാണെങ്കില്‍ മരുഭൂമിയും. ക്രിക്കറ്റ് കളിക്കാനുള്ള കാലാവസ്ഥ ആയിരുന്നില്ല. പിന്നെ ഒരു ദിവസം വൈകുന്നേരം ചെറിയ തണുപ്പൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്നു.
അവിടെ ഒരു ഡ്രൈവര്‍ ചേട്ടന്‍ ഉണ്ടായിരുന്നു. ഒരു നോര്‍ത്ത് ഇന്ത്യക്കാരനാണ്. നല്ല ആരോഗ്യം ഉള്ള ആളാണ്. ആ ചേട്ടന്‍ ബോള്‍ നല്ല ഉയരത്തില്‍ എറിഞ്ഞപ്പോള്‍ ഞാന്‍ ക്യാച്ചെടുക്കാന്‍ പോയി.
ബോള്‍ കയ്യില്‍ വന്നു കൊണ്ട് പരിക്ക് പറ്റിയിട്ട് ഷൂട്ടിങ്ങ് അവസാനിക്കും വരെ കയ്യില്‍ അതിന്റെ കെട്ട് ഉണ്ടായിരുന്നു. അതോടെ ക്രിക്കറ്റ് കളി നിന്നു. ആ പരിക്ക് കാരണം ക്രിക്കറ്റ് കളി വേണ്ടെന്ന് വെച്ചു. കൈ വയ്യാതെ ആയിട്ട് ഹോസ്പിറ്റലിലൊക്കെ പോയിരുന്നു,’ ബേസില്‍ ജോസഫ് പറഞ്ഞു.
മീഡിയക്കാര്‍ അതറിഞ്ഞിരുന്നില്ല അല്ലേ? അറിഞ്ഞിരുന്നെങ്കില്‍ ബേസില്‍ ജോസഫിന് പരിക്കെന്ന് പറഞ്ഞ് ന്യൂസ് വന്നേനെ എന്ന് ഉടനെ അവതാരകന്‍ ഇടക്ക് കയറി പറഞ്ഞു. അതോടെ ബേസില്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
‘അതേ, മീഡിയ അറിഞ്ഞിരുന്നെങ്കില്‍ ഷൂട്ടിങ്ങിന് ഇടയില്‍ ബേസില്‍ ജോസഫിന് പരിക്കെന്ന് പറഞ്ഞേനെ (ചിരി). ഷൂട്ടിങ്ങിന് ഇടയില്‍ എന്നല്ല ഇടയില്‍ ക്രിക്കറ്റ് കളിച്ചപ്പോള്‍ പരിക്കെന്ന് പറഞ്ഞേനെ. സത്യത്തില്‍ വലിയ പരിക്കൊന്നും ആയിരുന്നില്ല. ചെറിയ ചതവായിരുന്നു,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Getting Injured While Playing Cricket In Shooting Set