കല്യാണം കഴിക്കുന്നത് വരെ ഫഹദ് അങ്ങനെയുള്ള ആളല്ലായിരുന്നു; നസ്രിയ കാരണമാണ് ആ മാറ്റം: ബേസില്‍ ജോസഫ്
Entertainment
കല്യാണം കഴിക്കുന്നത് വരെ ഫഹദ് അങ്ങനെയുള്ള ആളല്ലായിരുന്നു; നസ്രിയ കാരണമാണ് ആ മാറ്റം: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st November 2024, 8:05 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് അതിശയിപ്പിക്കുന്ന നടനാണ് അദ്ദേഹം. ഈയിടെ പല അഭിമുഖങ്ങളിലും ഫഹദ് തുടര്‍ച്ചയായി ‘അതേയതേ’ എന്ന് പറയുന്നത് ട്രോള് ചെയ്യപ്പെട്ടിരുന്നു.

ഫഹദ് ഫാസില്‍ സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ് അതെന്ന് പറയുകയാണ് നടിയും ഫഹദിന്റെ പങ്കാളിയുമായ നസ്രിയ. തന്റെയടുത്ത് അതേയതേ എന്ന് പറഞ്ഞു പറഞ്ഞാണ് ഫഹദ് ഇങ്ങനെ ആയതെന്നാണ് നസ്രിയ പറയുന്നത്.

ഭാര്യമാരോട് അതേയെന്ന് പറയുന്നതാണല്ലോ ഏറ്റവും എളുപ്പമെന്നും അങ്ങനെയാകാം ഫഹദ് പുറത്ത് മറ്റുള്ളവരോടും പറയാന്‍ തുടങ്ങിയതെന്നും നസ്രിയ തമാശരൂപേണ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഷാനു സംസാരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘അതേയതേ’ എന്നുള്ളത്. പിന്നെ എനിക്ക് തോന്നുന്നത് എന്റെ അടുത്ത് പറഞ്ഞു പറഞ്ഞാണ് ഇങ്ങനെ ആയതെന്നാണ്. ഭാര്യമാരാകുമ്പോള്‍ അതേയെന്ന് പറയുന്നതാണല്ലോ ഏറ്റവും എളുപ്പം (ചിരി). അങ്ങനെ ആയിരിക്കുമോ പാവം പുറത്തും പോയി അതേയതേ പറയുന്നത്,’ നസ്രിയ പറഞ്ഞു.

സൂക്ഷ്മദര്‍ശിനിയില്‍ നസ്രിയയോടൊപ്പം അഭിനയിക്കുന്നത് നടന്‍ ബേസില്‍ ജോസഫാണ്. അഭിമുഖത്തില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന ബേസില്‍ കല്യാണം കഴിക്കുന്നത് വരെ ഫഹദ് ‘അതേയതേ’യെന്ന് പറയുന്ന ആളല്ലായിരുന്നു എന്നാണ് പറയുന്നത്.

‘കല്യാണം കഴിക്കുന്നത് വരെ ഫഹദ് അതേയതേ പറയുന്ന ആളല്ലായിരുന്നു. നസ്രിയയെ സഹിച്ച് തുടങ്ങിയപ്പോഴാണ് ഇങ്ങനെ ആയത്. അവളാണെങ്കില്‍ വായ തുറന്നു കഴിഞ്ഞാല്‍ പിന്നെ ഓഫാക്കാന്‍ പറ്റില്ല (ചിരി). ഇതിന്റെ സ്വിച്ച് എവിടെയാണ് എന്ന് ചോദിക്കേണ്ട അവസ്ഥയാണ്. അപ്പോള്‍ പിന്നെ ഫഹദിന് എല്ലാം സമ്മതിച്ചു കൊടുക്കേണ്ടി വരും,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talks About Fahadh Faasil And Nazriya