മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.
മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്. ഇപ്പോള്‍ എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.
അതിനിടയില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ എമ്പുരാന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. വെള്ള വസ്ത്രമിട്ട ഒരാള്‍ തിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് ആരാകുമെന്ന ചര്‍ച്ചകള്‍ കനത്തിരുന്നു. തമിഴില്‍ നിന്നുള്ള കാമിയോ ആകാമെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, ബേസില്‍ ജോസഫാണ് അതെന്ന രീതിയില്‍ ട്രോളുകളും കമന്റുകളും വന്നിരുന്നു.
പിന്നാലെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ‘രാജുവേട്ടന്‍ അങ്ങനെയൊരു തെറ്റ് ചെയ്യില്ല’ എന്നായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് ബേസില്‍ ജോസഫ്. താന്‍ ആ കമന്റുകളും ട്രോളുകളും കണ്ടിരുന്നുവെന്നാണ് നടന്‍ പറയുന്നത്.
അത് താനാണെങ്കില്‍ എന്തിനാണ് തിരിച്ച് നിര്‍ത്തുന്നതെന്നും നേരെയങ്ങ് നിര്‍ത്തിയാല്‍ പോരെയെന്നും ചോദിക്കുന്ന ബേസില്‍ തനിക്ക് എന്തിനാണ് ഇത്രയും ബില്‍ഡപ്പെന്നും ചോദിച്ചു. പൊന്‍മാന്‍ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
Content Highlight: Basil Joseph Talks About Empuraan Movie Character Poster