| Thursday, 6th June 2024, 9:32 pm

ഞാന്‍ ചൂടായാല്‍ അവര്‍ പേടിച്ചേക്കാം; ചിലപ്പോള്‍ എന്റെ കൈയില്‍ നിന്ന് പോകാറുണ്ട്: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനം, അഭിനയം എന്നീ മേഖലയില്‍ കഴിവ് തെളിയിച്ച താരമാണ് ബേസില്‍ ജോസഫ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയത്.

പിന്നീട് കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെ ബേസില്‍ സംവിധായകനുമായി. ഈ മൂന്ന് സിനിമകളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഇടക്ക് താന്‍ ചൂടാകാറുണ്ടെന്ന് പറയുകയാണ് ബേസില്‍. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സെറ്റില്‍ വെച്ച് ഇടക്ക് ഞാന്‍ ചൂടാകാറുണ്ട്. വളരെ പ്രഷറുള്ള വര്‍ക്കല്ലേ നമ്മള്‍ ചെയ്യുന്നത്. അഭിനയിക്കുമ്പോള്‍ ഇത്രയും പ്രഷര്‍ ഉണ്ടാവില്ലല്ലോ. ഡയറക്ട് ചെയ്യുമ്പോള്‍ സെറ്റിനെ മാനേജ് ചെയ്യണം. നമ്മുടെ ഡിസിഷന്‍ മേക്കിങ്ങിന് വേണ്ടിയാകും ആളുകള്‍ പലപ്പോഴും കാത്തിരിക്കുന്നത്.

അതിനിടയില്‍ ഡെഡ് ലൈനും ഷെഡ്യൂളിന്റെ പ്രശ്‌നങ്ങളും ഉണ്ടാകാം. പിന്നെ ക്രൈസിസ് മാനേജ്‌മെന്റുമുണ്ട്. അങ്ങനെ ഒരു ലോഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതിനിടയില്‍ ചിലപ്പോള്‍ കൈയില്‍ നിന്ന് പോകാം. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ ചൂടാകാറുണ്ട്. അങ്ങനെ ഞാന്‍ ചൂടായാല്‍ ആളുകള്‍ക്ക് പേടി വരുമായിരിക്കും,’ ബേസില്‍ ജോസഫ് പറഞ്ഞു.

മിന്നല്‍ മുരളിയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്തായിരുന്നു ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ ജാന്‍ എ-മന്‍ എന്ന സിനിമയില്‍ ബേസില്‍ അഭിനയിക്കുന്നത്. ആ സമയത്ത് മിന്നല്‍ മുരളി ഇറങ്ങിയിരുന്നില്ലെന്നും ഇറങ്ങിയിരുന്നെങ്കില്‍ താന്‍ ചിലപ്പോള്‍ ജാഡ കാണിച്ചേനെയെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

‘ജാന്‍ എ-മന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിന്നല്‍മുരളി ഇറങ്ങിയിരുന്നില്ല. ഇറങ്ങിയിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ജാഡ കാണിച്ചേനെ. ഞാന്‍ മിന്നല്‍മുരളിയുടെ ഡയറക്ടറാണ്, മാറിനില്‍ക്കെന്ന് എല്ലാവരോടും പറഞ്ഞേനെ.

കൊവിഡ് വന്ന് മൊത്തത്തില്‍ സ്റ്റക്കായി നില്‍ക്കുമ്പോഴാണ് ജാന്‍ എ-മന്‍ ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ മിന്നല്‍മുരളിയുടെ ക്ലൈമാക്സ് ഒക്കെ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ആ സമയത്ത് മിന്നല്‍മുരളി അങ്ങനെയങ്ങ് എത്തിയിട്ടില്ല.

പിന്നെ അഭിനയിക്കാന്‍ വിളിച്ചാല്‍ നമ്മള്‍ അഭിനയിക്കുകയല്ലേ ചെയ്യുന്നത്. ഡയറക്ഷന്‍ ചെയ്യുന്ന സമയത്ത് മാത്രമാണല്ലോ നമ്മള്‍ ഒരു ഡയറക്ടറാകുന്നത്. പിന്നെ മിന്നല്‍മുരളി ഇറങ്ങിയിട്ടും ജാഡ വന്നിട്ടില്ലല്ലോയെന്ന് ചോദിച്ചാല്‍ എനിക്ക് അത്യാവശ്യം ജാഡയൊക്കെയുണ്ട് (ചിരി),’ ബേസില്‍ ജോസഫ് പറഞ്ഞു.


Content Highlight: Basil Joseph Talks About Direction

Latest Stories

We use cookies to give you the best possible experience. Learn more