Entertainment news
അറിയാനുള്ള കൗതുകം ഉണ്ടാവുമല്ലോ, ഈ കോഹ്ലി എങ്ങനെയാണ് എന്നൊക്കെ സഞ്ജുവിനോട് ചോദിച്ചിട്ടുണ്ട്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 13, 04:07 pm
Thursday, 13th July 2023, 9:37 pm

സംവിധായകനും നടനുമായ ബേസില്‍ ജോസഫും ക്രിക്കറ്റര്‍ സഞ്ജു സാംസണും പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള അഭിമുഖങ്ങളും ചിത്രങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താനും സഞ്ജുവും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് ബേസില്‍.

താനും സഞ്ജുവും ഒരേ വേവ് ലെങ്ത്തില്‍ പോകുന്നവരാണെന്നും, ഒരുപാട് കാര്യങ്ങളില്‍ തമ്മില്‍ സാമ്യമുണ്ടെന്നും ബേസില്‍ പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്

‘ഞാനും സഞ്ജുവും ഒരേ വേവ് ലെങ്ത്തില്‍ പോകുന്ന ആള്‍ക്കാരാണ്. ഞങ്ങളുടെ മേഖല ക്രിക്കറ്റും സിനിമയാണെങ്കിലും ഞങ്ങള്‍ നേരിടുന്ന പ്രഷറും, പ്രശ്‌നങ്ങളും ഞങ്ങളുടെ പൊസിഷനും ഒക്കെ ഒരുപാട് സാമ്യമുള്ളതാണ്. അത് ഞങ്ങളെ നന്നായി തന്നെ അടുപ്പിച്ചു’; ബേസില്‍ പറയുന്നു.

തങ്ങള്‍ രണ്ടുപേരും തമ്മില്‍ മാത്രമല്ല ഇരുവരുടെയും ഭാര്യമാരായ എലിസബത്തും ചാരുലതയും തമ്മിലും നല്ല സുഹ്യത്ത് ബന്ധം തന്നെയാണ് ഉള്ളതെന്നും. ബേസില്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങളൊക്കെ താന്‍ ചോദിക്കാറുണ്ടെന്നും സിനിമയുടെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ സഞ്ജു തന്നോട് ചോദിക്കാറുണ്ടെന്നും ബേസില്‍ പറയുന്നുണ്ട്.

‘എല്ലാവര്‍ക്കും നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അറിയാനുള്ള കൗതുകം ഉണ്ടാവുമല്ലോ അതുകൊണ്ട് തന്നെ അങ്ങനെ പല കാര്യങ്ങളും തമ്മില്‍ സംസാരിക്കാറുണ്ട്. ഈ കോഹ്ലി എങ്ങാനാ ഇത്രയും ഷോട്ട് ഒക്കെ കളിക്കുന്നത് ? പുള്ളി എങ്ങനെയാണ് എന്നൊക്കെ സഞ്ജുവിനോട് ചോദിച്ചിട്ടുണ്ട്, തിരിച്ച് സഞ്ജുവും സിനിമയിലെ കാര്യങ്ങളും ചോദിക്കാറുണ്ട്;’ ബേസില്‍ പറഞ്ഞു

വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗുരുവായൂരമ്പലനടയിലാണ് ബേസില്‍ പ്രധാന വേഷത്തില്‍ എത്തുന്ന അടുത്ത ചിത്രം. പൃഥ്വിരാജിന് ഒപ്പമാണ് ചിത്രത്തില്‍ ബേസില്‍ അഭിനയിക്കുന്നത്.

Content Highlight: Basil Joseph talking about the friendship between he and the Cricketer sanju samson