| Thursday, 3rd October 2024, 11:45 am

ആ സിനിമ വിജയിച്ചപ്പോള്‍ എന്റെ മോന്‍ ചെയ്ത ചിത്രമാണെന്ന് പറയുന്നപോലുള്ള സന്തോഷമായിരുന്നു: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന് കീഴില്‍ സോഫിയ പോള്‍ നിര്‍മിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ആര്‍.ഡി.എക്‌സ്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവയ്ക്ക് ശേഷം 50 കോടി കളക്ഷന്‍ നേടുന്ന നാലാമത്തെ മലയാളം ചിത്രമായി ആര്‍.ഡി.എക്‌സ് മാറി. 100 കോടിക്കടുത്ത് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.ആര്‍.ഡി.എക്‌സ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. സംവിധായകന്‍ നഹാസിന്റെ അടുത്ത് താന്‍ സിനിമ കാണാന്‍ പോകുന്ന കാര്യം പറഞ്ഞിട്ടില്ലായിരുന്നെന്നും ഫുള്‍ പാക്കിഡ് ആയ തിയേറ്ററില്‍ നിന്നാണ് സിനിമ കണ്ടതെന്നും ബേസില്‍ പറയുന്നു. സിനിമ കഴിഞ്ഞ് കുറച്ചു പയ്യമാര്‍ ഫോട്ടോ എടുക്കാന്‍ വന്നെന്നും അവരോട് സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അടിപൊളി ആണെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ മോന്‍ ചെയ്ത സിനിമയാണെന്ന് പറയുന്ന പോലെയുള്ള സന്തോഷമായിരുന്നു അപ്പോള്‍ ലഭിച്ചതെന്നും ബേസില്‍ പറയുന്നു. ഉടനെ കേക്ക് വാങ്ങി നഹാസിനെ വീട്ടിലേക്ക് വിളിച്ച് സെലിബ്രേറ്റ് ചെയ്തെന്നും ബേസില്‍ പറയുന്നു. ഫിലിം കംപാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.

‘ഞാന്‍ ഫുള്‍ പാക്കിഡ് തിയേറ്ററിലാണ് ആര്‍.ഡി.എക്‌സ് കണ്ടത്. ചിത്രം കണ്ട കാര്യം നഹാസിന്റെ അടുത്ത് ഞാന്‍ പറഞ്ഞില്ലായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍ ഫോട്ടോ എടുക്കാന്‍ എന്റെ അടുത്ത് രണ്ടു മൂന്ന് പയ്യമാര്‍ വന്നു. അപ്പോള്‍ ഞാന്‍ അവരോട് പടം എങ്ങനെയുണ്ടെന്ന് ചോദിച്ചു.

അവര്‍ പറഞ്ഞു സൂപ്പറാ ചേട്ടാ അടിപൊളി ആണെന്നൊക്കെ. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്റെ കൂടെ വര്‍ക്ക് ചെയ്ത ആളാണ് ഈ സിനിമ ചെയ്തത്, എന്റെ ഫ്രണ്ട് ആണ് എന്നൊക്കെ. എന്റെ മോനാ ചെയ്തതെന്ന് പറയുമ്പോള്‍ ഉള്ള ആവേശം ഇല്ലേ അതുപോലെയാണ് ഞാന്‍ അവരോട് പറഞ്ഞത്.
അപ്പോള്‍ തന്നെ ഞാന്‍ ഒരു കേക്കോക്കെ വാങ്ങിച്ചിട്ട് അവനെ വിളിച്ച് വൈകുന്നേരം വീട്ടിലേക്ക് വരാന്‍ പറഞ്ഞു. എന്നിട്ട് അവന്‍ വന്ന ഉടനെ കേക്ക് കട്ട് ചെയ്ത് ഞങ്ങള്‍ അങ്ങ് സെലിബ്രേറ്റ് ചെയ്തു,’ ബേസില്‍ ജോസഫ് പറയുന്നു.

Content Highlight: Basil Joseph Talk About RDX movie And Director Nahas Hidayath

We use cookies to give you the best possible experience. Learn more