അടി സിനിമകൾ മാത്രം കൊടുക്കുകയെന്നതിനോട് എനിക്ക് യോജിപ്പില്ല: ബേസിൽ ജോസഫ്
Malayalam Cinema
അടി സിനിമകൾ മാത്രം കൊടുക്കുകയെന്നതിനോട് എനിക്ക് യോജിപ്പില്ല: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th November 2023, 5:27 pm

എല്ലാതരത്തിലുള്ള സിനിമകളും ഒരുപോലെ ഇറങ്ങിയാൽ മാത്രമേ മലയാള സിനിമ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തുകയുള്ളൂവെന്നാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് പറയുന്നത്.

ഒരേ രീതിയിലുള്ള സിനിമകൾ മാത്രം നൽകിയാൽ പ്രേക്ഷകർ അതുമാത്രമേ സ്വീകരിക്കുകയുള്ളുവെന്ന തോന്നൽ ഫിലിം മേക്കേഴ്സിനും തോന്നുമെന്ന് ബേസിൽ പറഞ്ഞു. പുതിയ സിനിമ ‘ഫാലിമി’ യുടെ ഭാഗമായി സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ബേസിൽ.

ആക്ഷനും കോമഡിയുമെല്ലാം അടങ്ങിയ ഒരു സിനിമ ചെയ്യാൻ എത്രത്തോളം വെല്ലുവിളികളുണ്ടെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.

‘എല്ലാത്തരം സിനിമകളും പ്രേക്ഷകർക്ക് നൽകാൻ തുടങ്ങിയാൽ അവരത് അംഗീകരിക്കാൻ തുടങ്ങും. നമ്മൾ ഒരെണ്ണം മാത്രം കൊടുത്തു കൊണ്ടിരുന്നാൽ അതു മാത്രം മതി എന്നുള്ള തെറ്റുധാരണ സിനിമ നിർമിക്കുന്നവർക്കും ഉണ്ടാകും. ഒരു സിനിമയ്ക്ക് തിയേറ്റർ എക്സ്പീരിയൻസ് ഉണ്ടാവണം എന്നത് ഇപ്പോഴത്തെ കാലത്തിന്റെ ആവശ്യമാണ്.

ഇപ്പോൾ ഒരു അവറേജ് സിനിമയ്ക്ക് ഇവിടെ നിലനിൽപ്പില്ല. ആവറേജിന് മുകളിലുള്ള ചിത്രങ്ങൾക്കും നിലനിൽപ്പ് പ്രയാസകരമാണ്. കാരണം തിയേറ്ററുകളിൽ ആളുകൾ സിനിമ കാണാൻ വരില്ല.

ഒരു പത്തുവർഷം മുൻപ് വരെ അത്തരം സിനിമകൾക്ക് തിയേറ്ററിൽ നിന്ന് ആവറേജ് കളക്ഷൻ കിട്ടുമായിരുന്നു. ഇന്ന് അങ്ങനെ അല്ലല്ലോ. ഒരു സിനിമ പ്രതീക്ഷിക്കാത്ത തരത്തിൽ അസാധാരണമായി മികച്ചതാവണം. എന്നാൽ മാത്രമേ അതൊരു വിജയമായി മാറുകയുള്ളു.

ചെറിയ സിനിമയാണെങ്കിലും വലിയ സിനിമയാണെങ്കിലും അതിന് പ്രേക്ഷകർക്ക് എന്തെങ്കിലും കൊടുക്കാൻ കഴിയണം. ഒരു സിനിമ കണ്ട് ഒരുമിച്ചിരുന്നു പൊട്ടിച്ചിരിക്കാൻ കഴിയുമെങ്കിൽ അതൊരു തിയേറ്റർ എക്സ്പീരിയൻസാണ്. വലിയ ബഡ്ജറ്റിൽ ആയിരക്കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള സിനിമയൊന്നും വേണമെന്നില്ല. ഇപ്പോൾ ജയ ജയ ജയ ജയഹേ കുഞ്ഞു ബഡ്ജറ്റിൽ ഇറങ്ങി, എന്നാൽ നല്ല തിയേറ്റർ എക്സ്പീരിയൻസ് നൽകിയ പടമാണ്.

എല്ലാം ഒത്തുചേർന്ന, എന്നാൽ നല്ല മികച്ച ചിത്രങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞാൽ പ്രേക്ഷകർ തിയേറ്ററിലേക്ക് തീർച്ചയായും എത്തും. അടി സിനിമകൾ മാത്രം കൊടുത്തു കൊണ്ടിരിക്കുക എന്നതിനോട് ഞാൻ യോജിക്കുന്നില്ല,’ബേസിൽ പറയുന്നു.

Content Highlight: Basil Joseph Talk About New Trends In Malayalam films