| Wednesday, 28th August 2024, 8:46 am

കോമഡിയേക്കാൾ ലാലേട്ടന്റെ റിയാക്ഷൻ കണ്ടാണ് ആ സീനിൽ നമ്മൾ ചിരിക്കുന്നത്: ബേസിൽ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ സഹ സംവിധായകനായി കരിയർ തുടങ്ങി ഇന്ന് മലയാളത്തിലെ മികച്ച സംവിധായകനും നായക നടനുമായി മാറിയ താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ തന്റെ ചിത്രങ്ങളിലൂടെ ഹ്യൂമറിന് വലിയ പ്രാധാന്യം നൽകിയ വ്യക്തിയാണ് ബേസിൽ.

അഭിനയിക്കുന്ന ചിത്രങ്ങളിലാണെങ്കിലും ബേസിലിന്റെ കോമഡികൾക്ക് ഒരു പ്രത്യേക സ്റ്റൈലുണ്ട്. ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ജീത്തു ജോസഫ് ചിത്രം നുണക്കുഴിയിലും ബേസിൽ ജോസഫിന്റെ തമാശകൾക്ക് പ്രേക്ഷകർ കയ്യടിക്കുന്നുണ്ട്.

ഹ്യൂമർ ചെയ്യുമ്പോൾ എനർജി വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുകയാണ് ബേസിൽ. തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ മലയാളികൾ ഇന്നും റിപ്പീറ്റടിച്ച് കാണുന്ന മോഹൻലാലും കുതിരവട്ടം പപ്പുവും ഒന്നിച്ചുള്ള സീനിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ബേസിൽ.

ആ സീനിൽ മോഹൻലാലിന്റെ റിയാക്ഷൻ കണ്ടിട്ടാണ് പ്രേക്ഷകർ ചിരിക്കുന്നതെന്നും അതിന് കാരണം കുതിരവട്ടം പപ്പുവിന്റെ പ്രകടനമാണെന്നും ബേസിൽ പറയുന്നു. രണ്ട് പേരും നന്നായി പെർഫോം ചെയ്യുമ്പോഴാണ് പ്രേക്ഷകർക്ക് അത് വർക്കാവുകയെന്നും ബേസിൽ ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഹ്യൂമർ ചെയ്യുമ്പോൾ എനർജി വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇങ്ങനെ പമ്പായി നിൽക്കണം. തേന്മാവിൻ കൊമ്പത്തിലെ, താനാരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക്, എന്ന സാധനം പപ്പു ചേട്ടൻ അങ്ങനെ ചെയ്യുമ്പോൾ പ്രേക്ഷകർ ചിരിക്കുന്നത് ലാലേട്ടന്റെ റിയാക്ഷൻ കണ്ടിട്ടാണ്.

അത് കണ്ടിട്ടാണ് നമ്മൾ ചിരിക്കുന്നത്. ആ റിയാക്ഷൻ ഇടാനുള്ള സാധനം പപ്പു ചേട്ടൻ അവിടെ നിന്ന് നൽകിയാൽ മാത്രമേ ലാലേട്ടന് അത് തരാൻ പറ്റുള്ളൂ. അതിത്തിരി മോശം പെർഫോമൻസാണെങ്കിൽ ചിലപ്പോൾ നന്നായി റിയാക്ഷൻ ഇടാനും പറ്റില്ല നമുക്ക് ചിരിക്കാനും പറ്റില്ല.

അപ്പോൾ നമുക്ക് ആ ചിരി റിലേറ്റ് ചെയ്യാൻ പറ്റില്ല. ഇയാൾ എന്തിനാണ് ഇത്ര ഓവറായി റിയാക്ട് ചെയ്യുന്നതെന്ന് നമ്മൾ വിചാരിക്കും. രണ്ട് പേരും അവിടെ തകർക്കുമ്പോഴാണ് രണ്ടും കോംപ്ലിമെന്റ് ചെയ്യുന്നത്. അതാണ് ഹ്യൂമർ. അത് നന്നായി പ്രേക്ഷകർക്ക് വർക്കാവണം,’ബേസിൽ പറയുന്നു.

Content Highlight: Basil Joseph Talk About Mohanlal’s Reaction In Thenmavin Kombath Movie

We use cookies to give you the best possible experience. Learn more