കുഞ്ഞിരാമയണം വിജയിച്ചത് കൊണ്ടാണ് ഇല്ലെങ്കിൽ മാനേജർ ചതിച്ചെന്ന് പറഞ്ഞ് വീട്ടിലേക്ക് തന്നെ തിരിച്ചുപോവേണ്ടി വന്നേനെ: ബേസിൽ
Entertainment
കുഞ്ഞിരാമയണം വിജയിച്ചത് കൊണ്ടാണ് ഇല്ലെങ്കിൽ മാനേജർ ചതിച്ചെന്ന് പറഞ്ഞ് വീട്ടിലേക്ക് തന്നെ തിരിച്ചുപോവേണ്ടി വന്നേനെ: ബേസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 2:55 pm

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ഏറെ സ്വീകര്യനായ വ്യക്തിയാണ് ബേസിൽ ജോസഫ്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ബേസിൽ പിന്നീട് മലയാളത്തിലെ മുൻനിരനായക നടനായും മാറി. സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ്.

സിനിമയെക്കുറിച്ച് തനിക്കൊരു ധാരണയും ഇല്ലായിരുന്നുവെന്നും ജോലി കിട്ടി കഴിഞ്ഞതിനുശേഷമാണ് സിനിമയോടുള്ള ആഗ്രഹം വീട്ടുകാരോട് പറയുന്നതെന്നും ബേസിൽ പറയുന്നു. വീട്ടിൽ കള്ളം പറഞ്ഞിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമയിൽ ക്ലിക്ക് ആയില്ലെങ്കിൽ തിരിച്ചുചെന്നാൽ പണി നൽകുമെന്ന് മാനേജർ പറഞ്ഞെന്ന് കള്ളം പറഞ്ഞിട്ടാണ് അച്ഛനെയും അമ്മയെയും സമ്മതിപ്പിച്ചതെന്നും ബേസിൽ പറയുന്നു. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ജോലി കിട്ടി കഴിഞ്ഞാണ് അച്ഛന്റെ അടുത്ത് ഞാൻ സിനിമയിലുള്ള താത്പര്യം പറയുന്നത്. അതിന് മുമ്പ് പറഞ്ഞിട്ടില്ല. കാരണം അതിന് മുമ്പ് എനിക്കും അവർക്കും ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു.

സിനിമ എന്ന് പറയുന്നത് മറ്റൊരു ലോകം ആയിരുന്നല്ലോ. സിനിമയിലേക്ക് എത്താൻ പറ്റുമോയെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല.

ജോലി രാജി വെക്കുമ്പോൾ മാനേജർ എന്നോട് സിനിമ റെഡിയായില്ലെങ്കിൽ തിരിച്ചു വന്നോളാൻ പറഞ്ഞിട്ടുണ്ടെന്നാണ് ഞാൻ അച്ഛനോട് കള്ളം പറഞ്ഞത്. പക്ഷെ പറ്റിച്ചു. പച്ചക്കള്ളമായിരുന്നു. കാരണം അങ്ങനെയൊരു മാനേജർ ഒരിക്കലും പറയില്ല.

പ്രത്യേകിച്ചു ഇതുപോലൊരു കോർപറേറ്റിൽ. തിരിച്ചു വന്നാൽ ജോലിയുണ്ടെന്ന് ഒരിക്കലും പറയില്ല. കാരണം തിരിച്ച് കയറണമെങ്കിൽ ഇന്റർവ്യൂവെല്ലാം അറ്റൻഡ് ചെയ്ത് ആ പ്രോസസെല്ലാം പൂർത്തിയാക്കണം.

പക്ഷെ എന്റെ അച്ഛനും അമ്മയും നിഷ്കളങ്കരായത് കൊണ്ടും അവരിപ്പോഴും വയനാട്കാരയത് കൊണ്ടും അങ്ങനെ ജീവിക്കുന്നവരായത് കൊണ്ടും അവരത് വിശ്വസിച്ചു. കുഞ്ഞിരാമായണം വിജയമായത് കൊണ്ട് എനിക്ക് തിരിച്ചു പോവേണ്ടി വന്നില്ല. അല്ലെങ്കിൽ പിന്നെ അച്ഛാ മാനേജർ എന്നെ ചതിച്ചു എന്ന് പറഞ്ഞെങ്ങാനും തിരിച്ചു പോവേണ്ടി വരും(ചിരിക്കുന്നു ),’ബേസിൽ പറയുന്നു.

Content Highlight: Basil Joseph Talk About His Cinema Entry