ചുരുങ്ങിയകാലം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായകനായും മാറി. സംവിധാനം ചെയ്ത ചിത്രങ്ങൾ പോലെ തന്നെ അഭിനയിച്ച ചിത്രങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെടാൻ ബേസിലിന് ഭാഗ്യമുണ്ടായിരുന്നു.
കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ. ഒരേ ടെംപ്ലേറ്റിലുള്ള കഥാപാത്രങ്ങൾ ചെയ്തിരുന്ന തനിക്കൊരു മാറ്റം കിട്ടിയത് ജോജി എന്ന ചിത്രത്തിലെ വേഷത്തിന് ശേഷമാണെന്നാണ് ബേസിൽ പറയുന്നത്.
അതുകൊണ്ടാണ് കഠിന കടോരമീ അണ്ഡകടാഹം പോലുള്ള സിനിമകൾ തനിക്ക് ചെയ്യാൻ പറ്റിയതെന്ന് ദി ഫോർത്തിനോടുള്ള അഭിമുഖത്തിൽ ബേസിൽ പറഞ്ഞു. പുതിയ ചിത്രം ഫാലിമിയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.
‘എന്റെ ഒന്ന് രണ്ട് വിജയ ചിത്രങ്ങൾ വരുമ്പോഴാണ് എന്നെ വച്ച് പരീക്ഷണം നടത്താൻ സംവിധായകരും തയ്യാറാവുന്നത്. ജോജി കഴിഞ്ഞപ്പോഴാണ് എന്നെ അത്തരത്തിലുള്ള റോളിലേക്ക് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അല്ലെങ്കിൽ എനിക്ക് കിട്ടി കൊണ്ടിരുന്നതെല്ലാം ഒരേ ടെംപ്ലേറ്റ് കഥാപാത്രങ്ങളായിരുന്നു. ജോജിക്ക് ശേഷമാണ് എനിക്കും അങ്ങനെ പറ്റുമെന്നും അത്തരം വേഷങ്ങൾക്കായി ശ്രമിക്കാമെന്നും തോന്നിയത്.
അതിന് ശേഷം വന്ന കഥകളൊക്കെ കുറേയൊക്കെ വേറേ രീതിയിൽ ഉള്ളതായിരുന്നു. പ്രേക്ഷകരും വേറേ രീതിയിൽ ചിന്തിക്കാൻ തുടങ്ങി.
അങ്ങനെയുള്ള ഫിലിം മേക്കേഴ്സ് വരുമ്പോൾ നമുക്കും ആകാംക്ഷ തോന്നും. കാരണം പുതിയൊരു തരത്തിൽ ചെയ്യാൻ ശ്രമിക്കുന്നത് കൊണ്ടാണല്ലോ അങ്ങനെ വരുന്നത്. ഒരേ ടെംപ്ലേറ്റിൽ ആലോചിക്കുമ്പോൾ അവർ പുതിയതായി വേറേ ഒന്നും ആലോചിക്കില്ല.
നമ്മളെ വെച്ച് അങ്ങനെ സിനിമ ചെയ്യുമ്പോൾ ഒരുപാട് സന്തോഷം തോന്നും. ഞാൻ അങ്ങനെ ചെയ്ത സിനിമയാണ് കഠിന കഠോരമീ അണ്ഡകടാഹം. അത് കേട്ടപ്പോൾ എനിക്ക് ഇമോഷണലി ഒരുപാട് കണക്ഷൻ തോന്നി. അങ്ങനെ അഭിനയിച്ച ചിത്രമാണത്. എനിക്കും അതൊരു ചലഞ്ചായിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിക്കാതിരിക്കാനും ഞാൻ ശ്രമിക്കേണ്ടേ. അതിന് വേണ്ടി ഞാൻ മാക്സിമം പുഷ് ചെയ്തു. അപ്പോഴല്ലേ നമുക്കും വളരാൻ കഴിയുള്ളു,’ബേസിൽ പറയുന്നു.
നവംബര്‍ 17നാണ് ഫാലിമി റിലീസ് ചെയ്യുന്നത്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
Content Highlight: Basil Joseph Talk About His Character Selection In Films