സെറ്റിൽ അന്ന് ആടിനെ ഓടിച്ചവൻ ഇന്ന് ഹിറ്റ് പടത്തിന്റെ സംവിധായകൻ: ബേസിൽ ജോസഫ്
Entertainment
സെറ്റിൽ അന്ന് ആടിനെ ഓടിച്ചവൻ ഇന്ന് ഹിറ്റ് പടത്തിന്റെ സംവിധായകൻ: ബേസിൽ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 2:11 pm

ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു കുഞ്ഞിരാമായണം. വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ് തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു. അതിഥി വേഷത്തിൽ ബിജു മേനോനും എത്തിയിരുന്നു. ഹ്യൂമറിന് വലിയ പ്രാധാന്യം നൽകി നിർമിച്ച ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്.

ഇപ്പോൾ തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ സംവിധായകനായ ജിതിൻ ലാൽ കുഞ്ഞിരാമായണത്തിൽ ബേസിലിന്റെ സഹ സംവിധായകനായിരുന്നു. ചിത്രത്തിൽ ബിജു മേനോന്റെ ഇൻട്രോ സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ ഫ്രെയിമിൽ ഒരുപാട് ആടുകൾ ഉണ്ടായിരുന്നുവെന്നും അതിനെ ഓടിക്കുന്ന പണി ജിതിൻ ലാലിനാണ് നൽകിയതെന്നും ബേസിൽ പറയുന്നു.

ദൂരെയുള്ള മലമുകളിലേക്ക് ഓടി വേണം പോവാനെന്നും എന്നാൽ ജിതിന്റെ പേര് പറയുമ്പോൾ മാത്രമാണ് അവൻ ഓടുകയുള്ളൂവെന്നും ബേസിൽ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോഡ് സംസാരിക്കുകയായിരുന്നു ബേസിൽ ജോസഫ്.

‘കുഞ്ഞിരാമായണത്തിൽ ബിജു മേനോൻ ചേട്ടൻ വരുന്ന ഇൻട്രോ സീനുണ്ട്. ഒരു ചുവന്ന കോൺടസാ കാറിൽ കുന്നിറങ്ങി വരുകയാണ് ബിജു ചേട്ടൻ. വിൻഡോസ് എക്സ്. പിയുടെ വാൾപേപ്പർ പോലെയുള്ള കുന്നുകളാണ് അത്. അതിന്റകത്തു നിന്നാണ് ബിജുവേട്ടൻ ഇറങ്ങി വരുന്നത്.

ഞങ്ങൾ നോക്കുമ്പോൾ കുന്നിന്റെ മുകളിൽ നിറയെ ആടാണ്. ആട് അവിടെ നിന്ന് കഴിഞ്ഞാൽ ആനിമൽ വെൽഫയറിന്റെ അടുത്ത് ചെന്നാൽ ഞങ്ങൾക്ക് വലിയ പ്രയാസമായിരിക്കും. അപ്പോൾ ആടിനെ ഓടിക്കണം. കുന്നാണ് ഓടി അവിടെ വരെ എത്തണം.

ഇവിടെ നിന്ന് ആരെങ്കിലും പോയി ഓടിക്കണം. അപ്പോൾ ഞാൻ ജിതിനോട് ചെന്ന് ഓടിക്കാൻ പറഞ്ഞു. ജിതിനെ പെട്ടെന്ന് ഓട് എന്ന് പറയുമ്പോൾ അവൻ സ്പീഡിൽ ഓടും. പിന്നെ മേലെ നടക്കും. ജിതിനെ എന്ന് വീണ്ടും വിളിക്കുമ്പോൾ അവൻ വീണ്ടും ഓടും പിന്നെയും നടക്കും. അങ്ങനെയായിരുന്നു,’ബേസിൽ ജോസഫ് പറയുന്നു.

അതേസമയം ഇന്നലെ ഇറങ്ങിയ അജയന്റെ രണ്ടാം മോഷണം മികച്ച അഭിപ്രായമാണ് തിയേറ്ററിൽ നേടുന്നത്. ടൊവിനോ അജയൻ, കുഞ്ഞികേളു, മണിയൻ എന്നീ മൂന്ന് കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ത്രീ.ഡിയിലാണ് ജിതിൻ ലാൽ ഒരുക്കിയിരിക്കുന്നത്.

Content Highlight: Basil Joseph Talk About Director Jithin Lal