| Sunday, 4th September 2022, 12:51 pm

പാവം പിടിച്ച പട്ടിയാണ് ടെന്‍ഷനടിക്കണ്ട എന്ന് പറഞ്ഞു, പട്ടിയുടെ പേരെന്താണ്, ഹണ്ടര്‍; പാല്‍തു ജാന്‍വര്‍ വിശേഷങ്ങളുമായി ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൃഗങ്ങളും മനുഷ്യരുമൊക്കെയായി ഒരു നാട്ടിന്‍പുറത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ബേസില്‍ ജോസഫ് നായകനായ പാല്‍തു ജാന്‍വര്‍. മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും ചിത്രത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായ പ്രസൂണ്‍ എന്ന കഥാപാത്രത്തെയാണ് ബേസില്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മൃഗങ്ങളുമായുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ ജോസഫ്.

‘ആദ്യത്തെ സീന്‍ തന്നെ പട്ടിയുടെ കൂടെയായിരുന്നു. പൊലീസ് നായ ആയിരുന്നു. അതിന്റെ ട്രെയ്‌നര്‍ അടുത്തുണ്ടായിരുന്നു. വലിയ പൊലീസ് നായ ആയിരുന്നു. എനിക്ക് കുഞ്ഞ് നായയെ വരെ പേടി ആണ്. പ്രിയംവദ കാതരയാണെന്ന് പറയുന്ന ഷോര്‍ട്ട് ഫിലിമില്‍ പട്ടിയുണ്ട്. ആ പട്ടിയുടെ കൂടെയുള്ള സീനില്‍ വരെ ഞാന്‍ ഡൈനിങ് ടേബിളില്‍ കയറി ഇരുന്നിട്ടാണ് ചെയ്യുന്നത്. ഇത്രയും വലിയ പട്ടിയുമായിട്ടുള്ള ഇന്ററാക്ഷനൊക്കെ പേടി ആയിരുന്നു.

രണ്ടാം ദിവസത്തെ ഷൂട്ട് പട്ടിയുടെ കൂടെയായിരുന്നു. പട്ടി നമ്മുടെ കണ്ണിലേക്ക് തന്നെ നോക്കും. നമ്മള്‍ പട്ടിയെ നോക്കി ചിരിക്കണം, തലോടണം, അങ്ങനെയാണ് സീന്‍. ട്രെയ്‌നറിനോട് രാവിലെ തൊട്ട് ചോദിക്കുന്നുണ്ട് പട്ടി എങ്ങനെയാണ് കുഴപ്പമുണ്ടോന്ന്. എല്ലാരുമുണ്ടല്ലോ ഒരു കുഴപ്പോമില്ല, പാവം പിടിച്ച പട്ടിയാണ് ടെന്‍ഷനടിക്കണ്ട എന്ന് പറഞ്ഞു. പട്ടിയുടെ പേരെന്താണെന്ന് ഞാന്‍ ചോദിച്ചു, ഹണ്ടര്‍. പിന്നെ എന്തിനാ ചേട്ടാ പാവമാണെന്ന് പറയുന്നത്, പാവമാണെങ്കില്‍ കിങ്ങിണി എന്നോ ചിങ്ങിണി എന്നോ പേരിട്ടാല്‍ പോരെ എന്ന് ചോദിച്ചു. അല്ല ആവശ്യം വരുമ്പോള്‍ ഭയങ്കരനാവുമെന്ന് ആ ചേട്ടന്‍ മറുപടി പറഞ്ഞു. പിന്നെ ഷൂട്ട് ചെയ്തപ്പോള്‍ കുഴപ്പമൊന്നുമില്ല.

പട്ടി എന്നെ നോക്കുന്നു, ഞാന്‍ പട്ടിയുടെ കണ്ണിലേക്ക് നോക്കുന്നു. അപ്പോള്‍ ട്രെയ്‌നര്‍ എന്നോട് പറഞ്ഞു അധികനേരം പട്ടിയുടെ കണ്ണിലേക്ക് നോക്കണ്ട, കള്ള ലക്ഷണം തോന്നിയാല്‍ അതിന് ചിലപ്പോള്‍ ദേഷ്യം വന്ന് കടിക്കുമെന്ന് പറഞ്ഞു. പക്ഷേ പാവമാ. അപ്പോള്‍ ഞാന്‍ പുരികത്തിലും മൂക്കിലുമൊക്കെ നോക്കി. സ്‌ക്രീനില്‍ നോക്കുമ്പോള്‍ പട്ടിയെ നോക്കി ചിരിക്കുന്ന നല്ലവനായ കഥാപാത്രമാണ് ഞാന്‍.

അടുത്ത ഘട്ടം തലോടലാണ്, തലോടുമ്പോള്‍ പട്ടി കയ്യില്‍ നക്കി സ്‌നേഹിക്കാന്‍ വരും. അപ്പോള്‍ ഞാന്‍ കൈ വലിച്ചു. അപ്പോഴും ട്രെയ്‌നര്‍ പറഞ്ഞു കൈ വലിക്കണ്ട ചിലപ്പോള്‍ ദേഷ്യം വന്ന് കടിക്കും, പക്ഷേ പാവമാണെന്ന്. അങ്ങനെ അഡ്ജസ്റ്റ് ചെയ്താണ് ആ ദിവസം ഷൂട്ട് ചെയ്തത്,’ ബേസില്‍ പറഞ്ഞു.

Content Highlight: basil joseph shares the shooting experience of palthu janwer

We use cookies to give you the best possible experience. Learn more