| Tuesday, 1st February 2022, 5:16 pm

കുറുക്കന്‍മൂലയില്‍ എത്തിക്കാനുള്ള പൈപ്പിലെ വെള്ളത്തിന്റെ ഡിസ്ചാര്‍ജും വെലോസിറ്റിയും കണക്കാക്കുക; എഞ്ചിനിയറിംഗ് പരീക്ഷാ പേപ്പറില്‍ 'മിന്നല്‍ മുരളി ഇഫക്ട്'?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഞ്ചീനിയറിംഗ് കോളേജ് പരീക്ഷാ പേപ്പറിലും ‘മിന്നല്‍ മുരളി ഇഫക്ട്’. കോതമംഗലത്തുള്ള മാര്‍ അതനേഷ്യസ്സ് എഞ്ചിനീയറിംഗ് കോളേജിന്റെ ഫസ്റ്റ് സെഷന്‍ പരീക്ഷയിലെ മെക്കാനിക്‌സ് ഓഫ് ഫ്‌ളൂയിഡ് പരീക്ഷയിലാണ് മുഴുവന്‍ ചോദ്യങ്ങളും മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ട് വന്നത്.

സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന കുറുക്കന്‍മൂലയിലാണ് മിന്നല്‍ മുരളി താമസിക്കുന്നത് എന്ന് തുടങ്ങുന്ന പാര്‍ട്ട് എ യില്‍ ആദ്യത്തെ ചോദ്യം ഇങ്ങനെ

‘സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുറുക്കന്‍മൂല. മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു. 100 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കുന്നത് എങ്ങനെ എന്നാണ്’ ആദ്യ ചോദ്യം.

ഇത്തരത്തില്‍ അക്വാമാനും അയണ്‍മാനും കടന്നുവരുന്ന ചോദ്യങ്ങളുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവെച്ചിട്ടുണ്ട്.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മിന്നല്‍ മുരളി ഇതിനോടകം തന്നെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയിലും മിന്നല്‍ മുരളി ഇടംനേടിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിച്ച അഞ്ച് അന്തര്‍ദേശീയ സിനിമകളുടെ പട്ടികയിലാണ് മിന്നല് മുരളി ഇടംപിടിച്ചിരിക്കുന്നത്. ബേസില്‍ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കുടിയേറ്റക്കാരുടെ കഥ പറയുന്ന ബള്‍ഗേറിയന്‍ കുടംബചിത്രത്തിനും മെക്‌സിക്കന്‍ ത്രില്ലര്‍ ചിത്രത്തിനുമൊപ്പമാണ് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രമായി മിന്നല്‍ മുരളിയും എത്തിയിരിക്കുന്നത്.

ഇതിന് മുന്‍പ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍പേജിലും മിന്നല്‍മുരളി എത്തിയിരുന്നു. മാഞ്ചസ്റ്റര്‍ താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.

സ്പാനീഷ് ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ മിന്നല്‍ മുരളിയുടെ സ്ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

മലയാളത്തിന് പുറമേ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നല്‍ മുരളി റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.


Content Highlight: basil joseph shares the endineering question paper including questions relating minnal murali

We use cookies to give you the best possible experience. Learn more