| Monday, 5th September 2022, 4:25 pm

പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ തണുപ്പത്ത്, പാല്‍തു ജാന്‍വര്‍ ഡേയ്‌സ്; ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സിനിമയാണ് പാല്‍തു ജാന്‍വര്‍. മൃഗങ്ങളുടെയും മനുഷ്യരുടെയും ഇഴചേര്‍ന്ന ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ മൃഗങ്ങള്‍ ഒരു പ്രധാന ഘടകമായിരുന്നു. ബേസില്‍ നായക വേഷത്തിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ‘പത്തിരുപത് ദിവസം ഒരു മലയുടെ മുകളില്‍ രാത്രി മുഴുവന്‍… തണുപ്പത്ത്.. പാല്‍തു ജാന്‍വര്‍ ഡേയ്‌സ്, ‘ എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കുടിയാന്‍മല എന്ന സ്ഥലത്ത് നടക്കുന്ന ഒരു കൊച്ചുകഥയാണ് പാല്‍തു ജാന്‍വര്‍. അതുകൊണ്ട്തന്നെ മലമുകളില്‍ രാത്രിയിലെ ഷൂട്ടിങ് ചിത്രങ്ങളാണ് പങ്കുവെച്ചത്. ചിത്രത്തിലെ അഭിനേതാക്കളായ ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, സംവിധായകന്‍ സംഗീത്.പി. രാജന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ചിത്രങ്ങളാണ് ബേസിലിന്റെ പോസ്റ്റിലുള്ളത്.

മലമുകളിലെ പുല്ലുകള്‍ക്കിടയില്‍ കസേരയിലിരിക്കുന്ന ഇന്ദ്രന്‍സിന്റെ ചിരിക്കുന്ന ഫോട്ടോ പോസ്റ്റില്‍ കാണാം. തലയില്‍ ചുവന്ന തോര്‍ത്ത്‌കെട്ടിയ ഇന്ദ്രന്‍സ് സിനിമ കോസ്റ്റിയൂമില്‍തന്നെയാണ്. തണുപ്പ് കാരണം സ്വെറ്ററും തലയില്‍ തോര്‍ത്തും ഇട്ടിരിക്കുന്ന ജോണി ആന്റണിയെയും നിലത്ത് ചാക്ക് വിരിച്ച് പുതപ്പും പുതച്ച് കിടക്കാനൊരുങ്ങുന്ന ദിലീഷ് പോത്തനെയും നമുക്ക് കാണാം.

ജോണി ആന്റണിയുടെ ചിത്രത്തിന് പിറകിലായി ഷൂട്ടിങ് നടക്കുന്നുണ്ട്. ക്യാമറയും ലൈറ്റിങ്ങുമൊക്കെയായി നിരവധി പേരെ പിറകിലായി കാണാന്‍ സാധിക്കും. സിനിമയുടെ സംവിധായകനായ സംഗീതും, നിര്‍മാതാവായ ശ്യാം പുഷ്‌കരനും ചേര്‍ന്ന് ഷോട്ട് നോക്കിയിരിക്കുന്ന ചിത്രവുമുണ്ട്.

ബേസില്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാംതന്നെ രാത്രിയിലെ ഷൂട്ടിങ് സമയത്തുള്ളതാണ്. നല്ല തണുപ്പുള്ള കാലാവസ്ഥയാണെന്ന് എല്ലാവരുടെയും വേഷങ്ങളില്‍ നിന്ന് നമുക്ക് മനസിലാകും.

ചിത്രം തിയേറ്ററില്‍ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രൊമോ സോങ്ങും ബിഹൈന്‍ഡ് സീന്‍ വീഡിയോയുമെല്ലാം ഏറെ ജനപ്രീതി നേടിയിരുന്നു. ചിത്രത്തില്‍ ഒരു ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് ബേസില്‍ എത്തുന്നത്. മൃഗങ്ങളെ ഒരുപാട് പേടിയുള്ള ബേസില്‍ സിനിമയില്‍ നിരവധി മൃഗങ്ങളുമായി ചേര്‍ന്ന് അഭിനയിക്കുന്നുണ്ട്.

മൃഗങ്ങളെ പേടിയാണെന്നും, അഭിനയിക്കുമ്പോഴും പേടി ഉണ്ടായിരുന്നിട്ടും കാണിക്കാത്തതാണെന്നും ബേസില്‍ പല അഭിമുഖങ്ങളിലായി പറഞ്ഞിട്ടുണ്ട്. ബേസിലിന്റെ ഭാര്യ വിവാഹ വാര്‍ഷികത്തിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയും ഏറെ വൈറലായിരുന്നു. ചെറിയൊരു പൂച്ചയെ പേടിച്ച് സോഫയില്‍ കയറിയിരിക്കുന്ന ബേസിലിന്റെ വീഡിയോ ആയിരുന്നു അത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മിച്ചത്. ജോണി ആന്റണി, ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

Content highlight: basil joseph shares shooting location pictures of palthu janwar

We use cookies to give you the best possible experience. Learn more