പന്നി ഒരു രക്ഷേം ഇല്ലായിരുന്നു, വരുന്നു ടേക്ക് എടുക്കുന്നു പോകുന്നു; വളരെ പ്രൊഫഷണല്‍; പാല്‍തു ജാന്‍വര്‍ വിശേഷങ്ങളുമായി ബേസില്‍
Entertainment news
പന്നി ഒരു രക്ഷേം ഇല്ലായിരുന്നു, വരുന്നു ടേക്ക് എടുക്കുന്നു പോകുന്നു; വളരെ പ്രൊഫഷണല്‍; പാല്‍തു ജാന്‍വര്‍ വിശേഷങ്ങളുമായി ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th September 2022, 5:14 pm

മൃഗങ്ങളുടെയും മനുഷ്യരുടെയും ഇഴചേര്‍ന്ന ജീവിതത്തിലൂടെ സഞ്ചരിച്ച് മനോഹരമായ കഥ പറഞ്ഞ ചിത്രമാണ് പാല്‍തു ജാന്‍വര്‍. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ മനുഷ്യരെ പോലെത്തന്നെ പ്രധാന ഘടകമായിരുന്നു മൃഗങ്ങളും. മൃഗങ്ങളുമായി ഒരുപാട് കോമ്പിനേഷന്‍ സീനുള്ള ഷൂട്ടിങ് ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബേസില്‍ ജോസഫ്. ക്ലബ്ബ് എഫ്.എമ്മിന് അഭിമുഖം നല്‍കുകയായിരുന്നു ബേസില്‍.

ഷൂട്ടിങ് ലൊക്കേഷനില്‍ പന്നിയുടെ അഭിനയമാണ് തന്നെ സര്‍പ്രൈസ് ചെയ്യിപ്പിച്ചതെന്ന് പറയുകയാണ് ബേസില്‍. പന്നി വന്ന് ടേക്കുകളെല്ലാം വളരെ പെട്ടെന്ന് എടുത്തു പോകുകയായിരുന്നു. സീനുകളൊക്കെ വളരെ പ്രൊഫഷണല്‍ ആയിട്ടായിരുന്നു പന്നി ചെയ്തതെന്നും, ഒരു സൂപ്പര്‍ സ്റ്റാറായിരുന്നു എന്നും ബേസില്‍ പറയുന്നു.

‘എന്നെ സര്‍പ്രൈസ് ചെയ്തത് പന്നി ആയിരുന്നു. പന്നി വരുന്നു, ടേക്ക് എടുക്കുന്നു. ഒറ്റ ടേക്ക്, പോകുന്നു വളരെ പ്രൊഫഷണല്‍. ഒരു രക്ഷേം ഉണ്ടായിരുന്നില്ല. നല്ല കോസ്റ്റിയൂമില്‍ വന്ന് നിന്നു, നടന്നു, ഫസ്റ്റ് ടേക്ക് ഓക്കെ.’ ബേസില്‍ പറഞ്ഞു.

ലൊക്കേഷനില്‍ പട്ടിയും നല്ല അനുസരണ ആണെന്ന് ബേസില്‍ പറയുന്നുണ്ട്. ട്രെയ്‌നര്‍ പറയുന്നതെല്ലാം പട്ടി അനുസരിക്കുമായിരുന്നു. കാറില്‍ ഇരിക്കാന്‍ പറയുമ്പോഴും ബൈക്കില്‍ ഇരിക്കാന്‍ പറയുമ്പോഴും പെട്ടെന്ന് തന്നെ അത് അനുസരിക്കും.

‘പട്ടീം അടിപൊളി ആയിരുന്നു. ട്രെയ്‌നേഴ്‌സ് ഉണ്ടായിരുന്നു. അവര് പറയുന്നതൊക്കെ പട്ടി അനുസരിക്കും. ബൈക്കില്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും, കാറില്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കും. എന്നാല്‍ ആട് ഭയങ്കര പ്രശ്‌നക്കാരനായിരുന്നു, കോഴി ഭയങ്കര പ്രശ്‌നക്കാരനായിരുന്നു,’ ബേസില്‍ പറയുന്നു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ സംഗീത്.പി. രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സെപ്റ്റംബര്‍ രണ്ടിന് പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

Content highlight: Basil Joseph shares shooting location experience of Palthu Janwar with pig