ആ പടത്തിന്റെ പ്രൊഡ്യൂസര്‍ ടൊവിനോയാണ്, അവന് ഒട്ടും വില കൊടുക്കാത്ത പരിപാടിയായിരുന്നു അത്: ബേസില്‍ ജോസഫ്
Entertainment
ആ പടത്തിന്റെ പ്രൊഡ്യൂസര്‍ ടൊവിനോയാണ്, അവന് ഒട്ടും വില കൊടുക്കാത്ത പരിപാടിയായിരുന്നു അത്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th August 2024, 4:50 pm

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി മലയാളസിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനാകുന്നത്. പിന്നീട് ടൊവിനോയെ നായകനാക്കി ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളും ബേസില്‍ സംവിധാനം ചെയ്തു. സംവിധാനത്തോടൊപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ബേസില്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ടൊവിനോ തോമസുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനോയോടൊപ്പം ഡിയര്‍ ഫ്രണ്ടില്‍ ബേസിലും അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ പരസ്പരം ട്രോളിക്കൊണ്ടുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ടൊവിനോ നിര്‍മിക്കുന്ന പുതിയ ചിത്രമായ മരണമാസിന്റെ പൂജയുടെ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസില്‍.

പൂജ കഴിഞ്ഞ് കര്‍പ്പൂരം കാണിച്ചപ്പോള്‍ ടൊവിനോ കൈ കാണിച്ചെന്നും എന്നാല്‍ പൂജാരി ടൊവിനോയെ മൈന്‍ഡ് ചെയ്തില്ലെന്നും ബേസില്‍ പറഞ്ഞു. ടൊവിനോയുടെ കഷ്ടകാലത്തിന് താന്‍ അവന്റെയടുത്ത് ഉണ്ടായിരുന്നെന്നും അതിന്റെ പേരില്‍ അവനെ കുറെ കളിയാക്കിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയുടെ നിര്‍മാതാവായിട്ട് കൂടി അവന് ഒട്ടു വില കൊടുത്തില്ലെന്നും ബേസില്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

‘ആ പടത്തിന്റെ പൂജക്ക് പൂജാരി ബാക്കി എല്ലാവര്‍ക്കും കര്‍പ്പൂരം തൊഴാന്‍ കൊടുത്തു. പക്ഷേ ടൊവി കൈ കാണിച്ചപ്പോള്‍ അയാള്‍ കൊടുത്തില്ല. അവന്റെ കഷ്ടകാലത്തിന് ഞാന്‍ അവന്റെയടുത്ത്  നില്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് കിട്ടി, അവന് കിട്ടിയില്ല, പിന്നെ ആരോ അത് വീഡിയോയും എടുത്തു. ഇത്രയും പോരെ എനിക്ക് അവനെ കളിയാക്കാന്‍.

ആ പടത്തിന്റെ പ്രൊഡ്യൂസറാണവന്‍. എന്നിട്ടും പൂജാരിക്ക് പോലും അവനെ വിലയില്ല. ‘കറക്ടായി നിന്റെ മുന്നില്‍ തന്നെ വന്നുപെട്ടല്ലോ’ എന്നാണ് അവന്‍ പറഞ്ഞത്. ഇതൊക്കെ പറഞ്ഞ് അവനെ ഇനിയങ്ങോട്ട് കളിയാക്കാന്‍ തന്നെയാണ് എന്റെ ഉദ്ദേശം. ഇത്തരം സിറ്റുവേഷന്‍ പലര്‍ക്കും ഉണ്ടാവുന്ന കാര്യമാണല്ലോ,’ ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph shares pooja ceremony of Marana Mass movie and Tovino Thomas