|

'രക്ഷകന്റെ' ഡ്രൈവറായി മിന്നല്‍ മുരളിയുടെ സ്റ്റണ്ട് മാസ്റ്റര്‍; വീഡിയോ പങ്കുവെച്ച് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യ മുഴുവനും ചര്‍ച്ചയായിരിക്കുകയാണ് മിന്നല്‍ മുരളി. മുരളിയും സംവിധായകന്‍ ബേസിലും കയ്യടി നേടുമ്പോള്‍ ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്ററായ വ്‌ളാഡി റിങ്ബര്‍ഗും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. അത്രക്കും മനോഹരമായാണ് മിന്നല്‍ മുരളിയുടേയും സൂപ്പര്‍ വില്ലന്റേയും ആക്ഷന്‍ രംഗങ്ങള്‍ വ്‌ളാഡ് അണിയിച്ചൊരുക്കിയത്.

സ്റ്റണ്ട് മാസ്റ്റര്‍ ബസിന്റെ ഡ്രൈവറായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബസിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന വ്‌ളാഡ് കലൂര്‍ കലൂര്‍ എന്ന് വിളിച്ച് പറഞ്ഞ് ചിരിക്കുന്നുമുണ്ട്. മറ്റുള്ളവര്‍ എളുപ്പത്തില്‍ കലൂര്‍ എന്ന് വിളിച്ചു പറയുമ്പോള്‍ അത് പറയാന്‍ വ്‌ളാഡ് നന്നായി പാടുപെടുന്നുണ്ട്.

ചിത്രത്തിലുപയോഗിച്ചിരിക്കുന്ന രക്ഷകന്‍ എന്ന ബസിന്റെ ഡ്രൈവിംഗ് സീറ്റിലാണ് വ്‌ളാഡ് കയറി ഇരിക്കുന്നത്. ബേസില്‍ ജോസഫാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ബ്രൂസ്‌ലി ബിജിയെ സിനിമക്കായി കരാട്ടെ മൂവ്‌മെന്റുകള്‍ പഠിപ്പിച്ചതും വ്‌ളാഡായിരുന്നു. ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍, ബ്രദേഴ്‌സ് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെയൊക്കെ സ്റ്റണ്ട് മാസ്റ്ററായിരുന്നു വ്‌ളാഡ്.

കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്‌ളിക്സില്‍ ലഭ്യമാക്കിയത്.

ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം റീമേക്കിന്റെ റൈറ്റ്‌സിനായി ബോളിവുഡ് സംവിധായകര്‍ ബേസിലിനെ സമീപിച്ചിരുന്നു. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സ്വന്തം സൂപ്പര്‍ ഹീറോയാണെന്നും റീമേക്കിന് താല്‍പര്യമില്ലെന്നുമാണ് ബേസില്‍ പറഞ്ഞത്. സ്‌പൈഡര്‍മാനും ക്രിഷും ഒന്നേയുള്ളുവെന്നും മിന്നല്‍ മുരളിയും ഒന്ന് മതിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

ഗ്രേറ്റ് ഖാലിയേയും യുവരാജ് സിംഗിനേയും എത്തിച്ച് നിര്‍മിച്ച വീഡിയോകളും എയിന്‍ ദുബായില്‍ പ്രൊമോ പ്രദര്‍ശിപ്പിച്ചും വമ്പന്‍ പ്രചാരണമാണ് മിന്നല്‍ മുരളിക്ക് നെറ്റ്ഫ്ളിക്സ് നല്‍കിയത്.

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേരാണ് മിന്നല്‍ മുരളി കണ്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.

View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും തമിഴ് സംവിധായകന്‍ വെങ്കട് പ്രഭുവുമെല്ലാം മിന്നല്‍ മുരളിയെ അഭിനന്ദിച്ചെത്തിയിരുന്നു.

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസ്, അജു വര്‍ഗീസ്, ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: basil joseph shares a video of vlad ringberg sitting on the driving seat  of rakshakan bus

Latest Stories