| Monday, 19th September 2022, 8:21 am

തലൈവരേ നീങ്കളാ, എന്നും പറഞ്ഞ് ഞാനിരിക്കുവാ; നീ വേണേല്‍ വേറെ ഓര്‍ഡര്‍ ചെയ്ത് കഴിച്ചോ എന്റേന്ന് തരൂല, എന്ന് പുള്ളി: ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ തിര എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയില്‍ തുടക്കം കുറിച്ച താരമാണ് ബേസില്‍ ജോസഫ്. ഇന്ന് നടനായും സംവിധായകനായും താരം ഒരുപോലെ തിളങ്ങുകയാണ്.

യഥാര്‍ത്ഥ ജീവിതത്തിലും ബേസിലും വിനീതും വലിയ സുഹൃത്തുക്കളാണ്. പല അഭിമുഖങ്ങളിലും വിനീതിനൊപ്പമുള്ള ഓര്‍മകളും ബേസില്‍ പങ്കുവെക്കാറുണ്ട്.

വിനീതിനെ ആദ്യമായി കണ്ട് പരിചയപ്പെട്ടതിനെ കുറിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചതിനെക്കുറിച്ചുമുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍.

ചെന്നൈയില്‍ വെച്ച് കണ്ടുമുട്ടിയതിനെ കുറിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചതിനെ കുറിച്ചുമാണ് ബേസില്‍ പറയുന്നത്.

”വിനീതേട്ടനെ കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വരുന്നത് ഭക്ഷണമാണ്. വിനീതേട്ടന്‍ ഭയങ്കര ഫൂഡിയാണ്.

ഇപ്പൊ ഒരു സാധനം കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്തു, വിനീതേട്ടനും ഞാനും ഇരിക്കുന്നുണ്ട്. ആ ഫുഡ് വിനീതേട്ടന്‍ ഓര്‍ഡര്‍ ചെയ്തതാണെങ്കില്‍ അതിനകത്തേക്ക് നമ്മുടെ കൈ പോയാല്‍ പുള്ളി നമ്മളെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കും. കഴിച്ചോണ്ടിരിക്കയാണെങ്കിലും നമ്മളെ ശ്രദ്ധിക്കും. നമ്മക്ക് തരൂല.

രണ്ട് പീസ് ചിക്കനുണ്ടെങ്കില്‍ രണ്ട് പീസും വിനീതേട്ടന്‍ തന്നെ കഴിക്കും. വേണമെങ്കില്‍ നീ വേറെ ഓര്‍ഡര്‍ ചെയ്ത് കഴിച്ചോ, എന്റേന്ന് ഞാന്‍ തരൂല, എന്ന ലൈനാണ്.

പുള്ളിക്ക് ഫുഡ് ഭയങ്കര താല്‍പര്യമാ എവിടെ പോയാലും ഇങ്ങനെയാ. ബേസില്‍, തലപ്പാക്കട്ടി ബിരിയാണി ഉഗ്രനാണ്, കോയമ്പത്തൂരിലെ വേണു ബിരിയാണി കഴിക്കാം, എന്നൊക്കെ പറയും. ഫുള്‍ പ്ലാനിങ്ങാണ്.

ഞാന്‍ ആദ്യമായി വിനീതേട്ടനെ കാണുന്നത് ചെന്നൈയില്‍ വെച്ചാണ്. അന്ന് വിനീതേട്ടന്‍ ഒരു ഐ20 കാറില്‍ വീട്ടിലിടുന്ന ട്രൗസറൊക്കെ ഇട്ട് വന്ന്, ബാ കേറ് എന്നും പറഞ്ഞ് എന്നെ കൂട്ടി ഡ്രൈവ് ചെയ്യുകയായിരുന്നു. ബസവനഗറിലുള്ള തലപ്പാക്കട്ടി റസ്റ്ററന്റില്‍ പോയി, എന്താ കഴിക്കാന്‍ വേണ്ടത്, എന്ന് ചോദിച്ചു.

ഞാനാണെങ്കില്‍ വിനീത് ശ്രീനിവാസനെ നേരിട്ട് കണ്ട എക്‌സൈറ്റ്‌മെന്റില്‍ ഇരിക്കുകയാണ്. തലൈവരേ നീങ്കളാ, എന്നും പറഞ്ഞുകൊണ്ട് ഇരിക്കുമ്പൊ പുള്ളിയാണെങ്കില്‍, ഇവിടത്തെ മട്ടന്‍ ബ്രെയിന്‍ ഫ്രൈ അടിപൊളിയാണ്, അല്ലെങ്കില്‍ തലപ്പാക്കട്ടി ബിരിയാണിയുടെ മേലെ ഇത്തിരി വഴുതന ഗ്രേവി കൂടെ ഇട്ട് ബേസില്‍ കഴിച്ചുനോക്ക് ഉഗ്രനാണ് എന്ന് പറയുന്നത്.

എന്താന്ന് വെച്ചാ നിങ്ങള് പറഞ്ഞോ, ഞാന്‍ കഴിച്ചോളാം, എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യ് എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ ആദ്യമായി ഒരുമിച്ചിരുന്ന് കഴിച്ചത് തലപ്പാക്കട്ടി ബിരിയാണിയും മട്ടന്‍ ബ്രെയിന്‍ ഫ്രൈയുമാണ്. അങ്ങനെയാണെങ്കില്‍ ജൂണ്‍ രണ്ടാം തീയതി മുതല്‍ തിരയില്‍ ജോയിന്‍ ചെയ്‌തോളൂ, എന്നും പറഞ്ഞാണ് അവിടെ നിന്ന് ഇറങ്ങിയത്. എല്ലാ ഓര്‍മകളിലും ഫൂഡ് കണക്ടഡാണ്,” വിനീത് പറഞ്ഞു.

നവാഗതനായ സംഗീത് പി. രാജന്‍ സംവിധാനം ചെയ്ത പാല്‍തൂ ജാന്‍വര്‍ ആണ് ബേസില്‍ നായകനായി തിയേറ്ററുകളിലെത്തിയ ഏറ്റവുമൊടുവിലത്തെ ചിത്രം.

Content Highlight: Basil Joseph shares a funny experience with Vineeth Sreenivasan

We use cookies to give you the best possible experience. Learn more